16 Nov 2023 5:09 PM IST
തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ഇനിയും 3 ദിവസമെടുക്കും: ഊര്‍ജ്ജിതമാക്കി ദൗത്യം
MyFin Desk
Summary
കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്
ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നു കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ഇനിയും 2-3 ദിവസമെടുക്കുമെന്നു കേന്ദ്രമന്ത്രി വി.കെ. സിംഗ് പറഞ്ഞു.
40 തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയിട്ട് ഇന്ന് (നവംബര്‍ 16) അഞ്ച് ദിവസമെത്തിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണു വി.കെ. സിംഗ് ഇന്ന് സംഭവസ്ഥലം സന്ദര്‍ശിച്ചത്.
രക്ഷാദൗത്യം വെള്ളിയാഴ്ച (നവംബര്‍ 17) പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നതെങ്കിലും അപ്രതീക്ഷിതമായ ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നതും തള്ളി കളയാനാകില്ല. ഇത് പരിഗണിച്ചാണ് 2-3 ദിവസമെടുക്കുമെന്നു കണക്കുകൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാദൗത്യത്തിനായി വിദേശത്തുള്ള വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
2018-ല്‍ തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ ദൗത്യസംഘവുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ നോര്‍വീജിയന്‍ ജിയോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും നിര്‍ദേശങ്ങളും തേടിയിട്ടുണ്ട്.
തുരങ്കത്തില്‍ കുടുങ്ങിയ 40 പേരും സുരക്ഷിതരാണെന്നും ഇവര്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവും എത്തിച്ചു നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു.
കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
നവംബര്‍ 12 ഞായറാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് യമുനോത്രി ദേശീയ പാതയില്‍ ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ സില്‍ക്യാരയെയും ദണ്ഡല്‍ഗാവിനെയും ബന്ധിപ്പിക്കുന്ന നിര്‍മാണത്തിലിരുന്ന ടണല്‍ തകര്‍ന്നത്.