24 March 2023 1:26 PM IST
Summary
മാർച്ച് 28 നാണ് യോഗം നടത്തുക
നടപ്പു സാമ്പത്തിക വർഷത്തിലെ അഞ്ചാമത്തെ ഇടക്കാല ലാഭ വിഹിതം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് വേദാന്ത ലിമിറ്റഡ്. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യോഗത്തിലാണ് ലാഭ വിഹിതം നൽകുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കുക. വേദാന്ത ലിമിറ്റഡിന്റെ മാതൃ കമ്പനിയായ വേദാന്ത റിസോഴ്‌സ്, കമ്പനിയുടെ ബാധ്യതകൾ തിരിച്ചടക്കുന്നതിനുള്ള സാമ്പത്തിക സ്ഥിതി കമ്പനിക്കുണ്ടെന്നു പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ പ്രഖ്യാപനം. മാർച്ച് 28 നാണ് യോഗം നടത്തുക. 1.75 ബില്യൺ ഡോളർ സമാഹരിക്കാനുള്ള അന്തിമ ചർച്ചയിലാണെന്നും വേദാന്ത റിസോഴ്‌സ് പറഞ്ഞു.
കമ്പനി മാർച്ച് 2023 ൽ കാലാവധി പൂർത്തിയാകുന്ന 2 ബില്യൺ ഡോളറിന്റെ ബാധ്യതകൾ കഴിഞ്ഞ 11 മാസത്തിനുള്ളിൽ മുൻ കൂറായി അടച്ചു തീർത്തുവെന്നും, വരും പാദങ്ങളിൽ ബാധ്യതകൾ അടച്ചു തീർക്കുമെന്നും വ്യക്തമാക്കി. 2023 ജൂണോടെ പണ ലഭ്യതയുടെ ആവശ്യകതകൾ നിറവേറ്റുന്നതിന് കമ്പനിക്ക് കഴിയുമെന്നും കൂട്ടിച്ചേർത്തു. ബാർക്ലേസ് ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നി ബാങ്കുകളിൽ നിന്നെടുത്ത 250 മില്യൺ ഡോളറിന്റെ ബാധ്യത പൂർണമായും തിരിച്ചടച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അനിൽ അഗർവാൾ തന്റെ കൈവശമുള്ള വേദാന്ത ലിമിറ്റഡിന്റെ 5 ശതമാനത്തിൽ കൂടാത്ത ഓഹരികൾ വിൽക്കാൻ പദ്ധതിയിടുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ബന്ധപ്പെട്ടവർ ഈ വാർത്തയെ നിഷേധിച്ചിരുന്നു.