image

3 Jun 2025 2:46 PM IST

News

വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച തിരിച്ചടി

MyFin Desk

womens world cup, kerala loses venue, lapses in stadium maintenance backfire
X

Summary

അഞ്ചു മത്സരങ്ങള്‍ക്ക് വേദിയാകുവാനുള്ള അവസരമാണ് നഷ്ടമായത്


വനിതാ വേള്‍ഡ് കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകില്ല. നേരത്തെ ബിസിസിഐ സമര്‍പ്പിച്ച പ്രാഥമിക പട്ടികയില്‍ സ്റ്റേഡിയം ഇടംപിടിച്ചിരുന്നു. എന്നാല്‍ അന്തരാഷ്ട്ര സ്റ്റേഡിയത്തിന്റെ പരിപാലനത്തില്‍ കാര്യവട്ടം സ്പോര്‍ട്സ് ഫെസിലിറ്റി ലിമിറ്റഡ് (കെഎസ്എഫ്എല്‍) വരുത്തിയ വീഴ്ചയാണ് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ നടപടികള്‍ക്ക് തിരിച്ചടിയായത്. അഞ്ചു മത്സരങ്ങള്‍ക്ക് വേദിയാകുവാനുള്ള അവസരമാണ് ഇതോടെ കൈവിട്ട് പോയത്.

സ്റ്റേഡിയത്തിലെ പുല്‍ മൈതാനം അന്താരാഷ്ട്ര നിലവാരത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനാണ് പരിപാലിക്കുന്നത്. എന്നാല്‍ സ്റ്റേഡിയത്തിന്റെ കെട്ടിട സമുച്ചയമുള്‍പ്പടെയുള്ള പരിപാലന ചുമതല കെഎസ്എഫ്എല്ലിനായിരുന്നു. ഇതില്‍ വലിയ വീഴച വരുത്തിയതാണ് വേദി നഷ്ടപ്പെടാന്‍ കാരണം. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സ്റ്റേഡിയം വേദിയാകുവാന്‍ വേണ്ടി കേരള ക്രിക്കറ്റ് അസോസിയേഷന്‍ 2017 മുതല്‍ നിര്‍മാണപ്രവര്‍ത്തനം നടത്തുണ്ടെങ്കിലും കെസിഎ മുടക്കിയ തുക വകവെച്ചു നല്‍കാന്‍ തയ്യാറാവാത്തതിനാല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തുടര്‍ന്ന് മെയിന്റനന്‍സ് നടത്തുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു.

വനിതാ ലോകകപ്പിനോട് അനുബന്ധിച്ചു സര്‍ക്കാരുമായി കൂടിയാലോചിച്ചു 18 കോടി മുടക്കി എല്‍ഇഡി ലൈറ്റ് സംവിധാനം സജ്ജമാക്കി വരുന്നതിനിടെയാണ് മറ്റ് സംവിധാനങ്ങളുടെ പോരായ്മ കാരണം ഐസിസി മത്സരങ്ങള്‍ മാറ്റിയത്. കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിന്റെ ഗാലറിയുടെ മേല്‍ക്കൂര നശിച്ചു. ഇതിനിടെ കളിക്കളങ്ങള്‍ സംരക്ഷിക്കുവാനുള്ള സര്‍ക്കാര്‍ ഉത്തരവിനു വിരുദ്ധമായും, മൈതാനം സംരക്ഷിക്കാനുള്ള കെസിഎ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയും കെഎസ്എഫ്എല്‍ അധികൃതര്‍ സിനിമ ഷൂട്ടിങ്ങിന് ഗ്രൗണ്ട് നല്‍കിയിരുന്നു. ഇത് പുല്‍മൈതാനം നശിക്കുവാനും കാരണമായി.

സ്റ്റേഡിയം പരിപാലത്തിലുള്ള കെഎസ്എഫ്എല്ലിന്റെ വീഴ്ച കണക്കിലെടുത്തു സര്‍ക്കാര്‍ അന്താരാഷ്ട്ര സ്റ്റേഡിയം തിരികെ എടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടു സ്റ്റേഡിയം തിരിച്ചെടുത്തില്ലെങ്കില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തുന്നതിനുള്ള അംഗീകാരം സ്റ്റേഡിയത്തിന് നഷ്ടപ്പെടുമെന്ന് കെസിഎ ഭാരവാഹികള്‍ പറഞ്ഞു.