31 Aug 2025 12:51 PM IST
Summary
പരസ്പര വിശ്വാസവും ബഹുമാനവും മുന്നോട്ടു നയിക്കണമെന്ന് മോദി
പരസ്പര വിശ്വാസവും ബഹുമാനവും ഇന്ത്യ-ചൈന ബന്ധങ്ങളെ നയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനയിലെ തുറമുഖ നഗരമായ ടിയാന്‍ജിനില്‍ നടന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് പ്രധാനമന്ത്രി ഈ ആവശ്യമുന്നയിച്ചത്.
അതേസമയം പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്ത ഷി, ന്യൂഡല്‍ഹിയെ ബെയ്ജിംഗിന്റെ 'സുപ്രധാന സുഹൃത്ത്' ആയി പ്രശംസിച്ചു. ഇരു രാജ്യങ്ങളും 'തന്ത്രപരവും ദീര്‍ഘകാലവുമായ വീക്ഷണകോണില്‍ നിന്ന്' ബന്ധങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് പ്രസ്താവിച്ചു. ഡ്രാഗണും ആനയും ഒന്നിക്കണമെന്നും പരസ്പരം വിജയത്തിന് വഴിയൊരുക്കുന്ന പങ്കാളികളാകണമെന്നും ഷി അഭിപ്രായപ്പെട്ടു.
'ചൈനയും ഇന്ത്യയും ഏറ്റവും നാഗരികതയുള്ള രണ്ട് രാജ്യങ്ങളാണ്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളും ഗ്ലോബല്‍ സൗത്തിന്റെ ഭാഗവുമാണ് നമ്മള്‍. സുഹൃത്തുക്കളായിരിക്കുക, നല്ല അയല്‍ക്കാരന്‍ ആയിരിക്കുക,' ചൈനീസ് പ്രസിഡന്റ് പറഞ്ഞു.
ദീര്‍ഘകാല എതിരാളികളായ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിലേക്കുള്ള ചുവടുവയ്പ്പിന്റെ സൂചനയായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. അതോടൊപ്പം ഇത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഒരു മുന്നറിയിപ്പാകുകയും ചെയ്തു. ട്രംപിന്റെ തീരുവ ആക്രമണം ന്യൂഡല്‍ഹിയുമായും ബെയ്ജിംഗുമായും ഉള്ള വാഷിംഗ്ടണിന്റെ ബന്ധത്തെ വഷളാക്കിയിരുന്നു.
അതിര്‍ത്തി തര്‍ക്കത്തില്‍ പ്രത്യേക പ്രതിനിധികള്‍ തമ്മിലുള്ള കരാര്‍ മുതല്‍ കൈലാസ് മാനസരോവര്‍ യാത്ര പുനരാരംഭിക്കുന്നതുവരെയും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നതുവരെയുമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി.
'ഇരു രാജ്യങ്ങളിലെയും 2.8 ബില്യണ്‍ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ നമ്മുടെ സഹകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മുഴുവന്‍ മനുഷ്യരാശിയുടെയും ക്ഷേമത്തിനും വഴിയൊരുക്കും,' പ്രധാനമന്ത്രി പറഞ്ഞു.
'പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയുടെ അടിസ്ഥാനത്തില്‍ നമ്മുടെ ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ നാം പ്രതിജ്ഞാബദ്ധരാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.