28 Feb 2026 12:54 PM IST
Canada Study Permit:കുടിയേറ്റ നിയമം കര്‍ക്കശം:കാനഡയെ വിദേശ വിദ്യാര്‍ത്ഥികള്‍ കൈവെടിഞ്ഞോ?
Aswathy Ashok
Summary
കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമായതാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ കാനഡയിലേക്കുള്ള വരവ് കുറയാന്‍ കാരണം
കുടിയേറ്റ നിയമങ്ങള്‍ കടുപ്പിച്ചതോടെ കാനഡയിലേക്ക് ചേക്കേറുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. സ്റ്റഡി പെര്‍മിറ്റിലും വര്‍ക്ക് പെര്‍മിറ്റിലും വലിയ കുറവുണ്ടായി. കാനഡ സര്‍ക്കാരിന്റെ കുടിയേറ്റ കണക്കുകള്‍ പ്രകാരം, 2023 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2025 ഡിസംബറില്‍ സ്റ്റഡി പെര്‍മിറ്റ് ഉടമകളുടെ എണ്ണം 89.9 ശതമാനം കുറഞ്ഞു. കൂടാതെ വര്‍ക്ക് പെര്‍മിറ്റ് ഉടമകളുടെ എണ്ണത്തില്‍ 67.9 ശതമാനം ഇടിവും രേഖപ്പെടുത്തി. 2023 ഡിസംബറില്‍ കാനഡയില്‍ 95,320 സ്റ്റഡി പെര്‍മിറ്റ് ഉടമകളും 30,325 വര്‍ക്ക് പെര്‍മിറ്റ് ഉടമകളും ഉണ്ടായിരുന്നു. എന്നാല്‍ 2025 ഡിസംബറില്‍ സ്റ്റഡി പെര്‍മിറ്റ് ഉടമകളുടെ എണ്ണം വെറും 9,665 ആയി കുറഞ്ഞു. അതേസമയം വര്‍ക്ക് പെര്‍മിറ്റ് ഉടമകളുടെ എണ്ണം 30,325ല്‍ നിന്ന് 9,735 ആയി കുറഞ്ഞു.
വിദേശ വിദ്യാര്‍ത്ഥികള്‍ പിന്തിരിയുന്നോ?
കാനഡ, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പഠനശേഷം മെച്ചപ്പെട്ട ജോലി ലഭിക്കുന്നില്ലെന്നത് പലരെയും വിദേശവിദ്യാഭ്യാസത്തില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ട്. കാനഡയില്‍ വിദ്യാഭ്യാസത്തിന് പോയി ജോലി ലഭിക്കാതെ തിരിച്ചെത്തിയ മലയാളികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. മറ്റ് വിദേശ രാജ്യങ്ങളിലും സമാന അവസ്ഥയായതും വിദേശ വിദ്യാഭ്യാസത്തിന് തിരിച്ചടിയായി.
2025ല്‍ മാത്രം 2500ലധികം ഇന്ത്യക്കാരെ കാനഡ പുറത്താക്കിയിരുന്നു. 2025 ആദ്യ പത്ത് മാസങ്ങളില്‍ 18,500 പേരെ കാനഡ രാജ്യത്ത് നിന്ന് പുറത്താക്കിയതായാണ് കണക്കുകള്‍ വിശദമാക്കുന്നത്. ഇതില്‍ 2500ലധികം പേര്‍ ഇന്ത്യക്കാരാണ്.
കാനഡ ദിവസങ്ങള്‍ക്ക് മുമ്പ് ഇമിഗ്രേഷന്‍ നിയമങ്ങളില്‍ വലിയ മാറ്റം പ്രഖ്യാപിച്ചിരുന്നു. നൈപുണ്യമുള്ള തൊഴിലാളികള്‍ക്കും സൈനിക വിദഗ്ധര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ് മാറ്റം. കാനഡയില്‍ വര്‍ദ്ധിച്ചു വരുന്ന ഭവനക്ഷാമം മൂലം കുടിയേറ്റ നിലവാരം കുറയ്ക്കാന്‍ രാജ്യത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യ രംഗത്തും ഗവേഷണ മേഖലയിലും അനുഭവപ്പെടുന്ന വലിയ തൊഴില്‍ വിടവ് നികത്തേണ്ട വെല്ലുവിളിയും കനേഡിയന്‍ സര്‍ക്കാരിന് മുന്നിലുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
