5 April 2024 5:24 PM IST
ബിഗ് ടിക്കറ്റ് അവസാന നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിക്ക് 10 ദശലക്ഷം ദിർഹം സമ്മാനം
MyFin Desk
Summary
- അബുദാബി ഇൻ്റർനാഷണൽ എയർപോർട്ടിൽ വെച്ച് ദീർഘകാലമായി നടത്തി വരുന്ന വളരെ ജനപ്രിയമായ സമ്മാന നറുക്കെടുപ്പാണ് ബിഗ് ടിക്കറ്റ്. അനേകം ഇന്ത്യക്കാർക്ക് ബിഗ് ടിക്കറ്റ് ഇത് വരെ ഭാഗ്യത്തിന്റെ വാതിൽ തുറന്നു കൊടുത്തിട്ടുണ്ട്
അബുദാബി ബിഗ് ടിക്കറ്റ് പ്രവർത്തനം ഏപ്രിൽ ഒന്നാം തീയതി മുതൽ നിർത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ച ശേഷം നടന്ന അവസാനത്തെ നറുക്കെടുപ്പിൽ (റാഫിൽ ടിക്കറ്റ് ) ഇന്ത്യൻ മെക്കാനിക്കൽ ടെക്നീഷ്യൻ ആയ രമേഷ് കണ്ണൻ 10 ദശലക്ഷം ദിർഹം ഗ്രാൻഡ് പ്രൈസ് നേടി. ഖത്തറിൽ 15 വർഷമായി താമസിക്കുന്ന രമേഷ് കണ്ണൻ മാർച്ച് 29 ന് വാങ്ങിയ 056845 എന്ന നമ്പർ ടിക്കറ്റാണ് വിജയിച്ചത്. കഴിഞ്ഞ മാസത്തെ 15 ദശലക്ഷം ദിർഹം നേടിയ ഇന്ത്യക്കാരൻ തന്നെ ആയ മുഹമ്മദ് ഷെരീഫ് ആണ് വിജയിച്ച ടിക്കറ്റ് തിരഞ്ഞെടുത്തത്. രണ്ട് ടിക്കറ്റ് വാങ്ങുമ്പോൾ ഒന്ന് സൗജന്യമായി ലഭിക്കുന്ന പ്രമോഷൻ പ്രയോജനപ്പെടുത്തിയാണ് രമേഷ് ഓൺലൈൻ ഡ്രോയിൽ വിജയിച്ച ടിക്കറ്റ് വാങ്ങിയത്. സുഹൃത്തുക്കളായ 10 പേർ ചേർന്നാണ് ടിക്കറ്റ് വാങ്ങിയതിനാൽ അവരും ഇപ്പോൾ കോടീശ്വരന്മാരായി തീർന്നിരിക്കുകയാണ്.
സ്വപ്നസാക്ഷാത്കാരം
വിജയത്തിന്റെ സന്തോഷം പങ്കുവെച്ച രമേഷ്, "ഇന്ത്യയിൽ ഞാൻ വാടകയ്ക്കാണ് താമസിക്കുന്നത്. അതിനാൽ സ്വന്തമായി ഒരു വീട് വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ മാതാപിതാക്കളുടെ സ്വപ്നഭവനം എനിക്ക് അവർക്കായി നിർമ്മിക്കാൻ കഴിയും. എന്റെ ഭാര്യയ്ക്കും മാതാപിതാക്കൾക്കും, സഹോദരിക്കും അവിടെ താമസിക്കാം" എന്ന് പറഞ്ഞു.
യുഎഇ യിലെ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ നിർദേശങ്ങൾ പാലിക്കുന്നതിനായി ഏപ്രിൽ ഒന്നാം തീയതി മുതൽ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്ന മൂന്നാമത്തെ റാഫിൽ വിൽപന കമ്പനിയാണ് ബിഗ് ടിക്കറ്റ്. മുൻപ് ജനുവരി ഒന്നിന് മഹ്സൂസും എമിറേറ്റ്സ് ഡ്രോയും പ്രവർത്തനം നിർത്തിയിരുന്നു. എന്നിരുന്നാലും, ഷെഡ്യൂൾ ചെയ്തതുപോലെ അവസാന നറുക്കെടുപ്പ് നടന്നു, എല്ലാ വിജയികൾക്കും സമ്മാനങ്ങൾ ലഭിക്കുമെന്ന് ബിഗ് ടിക്കറ്റ് അറിയിച്ചു.
ഏപ്രിൽ 1 മുതൽ അടുത്ത ഭാഗ്യക്കുറിന്റെ ടിക്കറ്റ് വിൽപ്പന നിർത്തിവച്ചിട്ടുണ്ട്. കൂടാതെ, സായിദ് ഇന്റർനാഷണൽ എയർപോർട്ടിലെയും അൽഐൻ എയർപോർട്ടിലെയും സ്റ്റോറുകൾ താൽക്കാലികമായി അടച്ചുപൂട്ടി. ഔദ്യോഗിക വെബ്‌സൈറ്റിലെ ടിക്കറ്റ് വാങ്ങൽ, അക്കൗണ്ട് ലോഗിൻ, അക്കൗണ്ട് രജിസ്ട്രേഷൻ തുടങ്ങിയ ചില സൗകര്യങ്ങൾ ഇന്നി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തലാക്കിയിരിക്കുകയാണ്. പ്രവർത്തനങ്ങളെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റിനായി വെബ്‌സൈറ്റ് പരിശോധിക്കാനും സോഷ്യൽ മീഡിയ ചാനലുകൾ പിന്തുടരാനും ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അബുദാബി ഇൻ്റർനാഷണൽ എയർപോർട്ടിൽ വെച്ച് ദീർഘകാലമായി നടത്തി വരുന്ന വളരെ ജനപ്രിയമായ സമ്മാന നറുക്കെടുപ്പാണ് ബിഗ് ടിക്കറ്റ്. അനേകം ഇന്ത്യക്കാർക്ക് ബിഗ് ടിക്കറ്റ് ഇത് വരെ ഭാഗ്യത്തിന്റെ വാതിൽ തുറന്നു കൊടുത്തിട്ടുണ്ട്.
2024 ഫെബ്രുവരി 5 ന് നടന്ന ബിഗ് ടിക്കറ്റ് റാഫിൾ നറുക്കെടുപ്പിൽ രാജീവ് അരീക്കാട്ട് എന്ന മലയാളി യുവാവിന് മക്കളുടെ ജനനത്തീയതിയിൽ എടുത്ത ടിക്കറ്റ് ഭാഗ്യ സംഖ്യകളായി മാറി. 33 കോടി രൂപയാണ് രാജീവിന് (15 ദശലക്ഷം ദിർഹം) ജാക്ക്പോട്ട് അടിച്ചത്.