24 Sept 2025 10:43 AM IST
Summary
ഏറ്റവും വലിയ തിരിച്ചടി ഇന്ത്യന്‍ തൊഴിലാളികള്‍ക്കെന്നും റിപ്പോര്‍ട്ട്
എച്ച്-1ബി വിസാഫീസ് വര്‍ധിപ്പിച്ചത് കുടിയേറ്റക്കാരുടെ തൊഴില്‍ അനുമതികളില്‍ പ്രതിമാസം 5500 വരെ കുറവുവരുത്തിയേക്കുമെന്ന് ജെപി മോര്‍ഗന്‍.
മൊത്തത്തിലുള്ള യുഎസ് തൊഴില്‍ വിപണിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ സംഖ്യ 'വളരെ ചെറുതാണെന്ന്' തോന്നും. എങ്കിലും സാങ്കേതിക സ്ഥാപനങ്ങളും ഇന്ത്യന്‍ തൊഴിലാളികളുമായിരിക്കും ഏറ്റവും കൂടുതല്‍ ആഘാതം നേരിടേണ്ടിവരികയെന്ന് സാമ്പത്തിക വിദഗ്ധരായ അബിയല്‍ റെയ്ന്‍ഹാര്‍ട്ടും മൈക്കല്‍ ഫെറോളിയും അഭിപ്രായപ്പെടുന്നു.
2024 സാമ്പത്തിക വര്‍ഷത്തില്‍ അമുവദിക്കപ്പെട്ട എച്ച്-2ബി വിസകളില്‍ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ജോലികളാണെന്ന് ഡാറ്റ കാണിക്കുന്നു. ഇതില്‍ പകുതി അപേക്ഷകളും പ്രൊഫഷണല്‍, ശാസ്ത്ര, സാങ്കേതിക സേവനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അംഗീകൃത അപേക്ഷകളില്‍ ഏകദേശം 71 ശതമാനവും ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ളതായിരുന്നു.
കഴിഞ്ഞ വര്‍ഷം പുതിയ തൊഴിലിനായി അംഗീകരിച്ച 141,000 എച്ച്-1ബി അപേക്ഷകളില്‍ ഏകദേശം 65,000 എണ്ണം വിദേശത്താണ് പ്രോസസ്സ് ചെയ്തത്. പുതിയ ഫീസ് ഏറ്റവും കൂടുതല്‍ ബാധിക്കാവുന്ന കേസുകള്‍ ഇവയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്രതിമാസം ശരാശരി 29,000 പേയ്റോളുകള്‍ മാത്രമാണ് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്. കുടിയേറ്റം കുറഞ്ഞതാണ് ഇതിന് കാരണമെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ പറയുന്നു.
സാങ്കേതികവിദ്യ, ധനകാര്യം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലികളിലേക്ക് വിസകള്‍ ആകര്‍ഷിക്കുന്നതിനും വിദ്യാഭ്യാസം പോലുള്ള മേഖലകളിലെ കുറഞ്ഞ ശമ്പളമുള്ള തസ്തികകള്‍ ഇല്ലാതാക്കുന്നതിനും ഈ ഫീസ് കാരണമാകുമെന്ന് ബ്ലൂംബെര്‍ഗ് ഇക്കണോമിക്‌സ് പ്രവചിക്കുന്നു.
ട്രംപ് ഭരണകൂടത്തിന്റെ എച്ച്-1ബി നയത്തെ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ റോബ് ബോണ്ട വിമര്‍ശിച്ചു. വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആശ്രയിക്കുന്ന ബിസിനസുകള്‍ക്ക് ഫീസ് കനത്ത തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ടെക് സ്ഥാപനങ്ങള്‍ വളരെയധികം ഉള്ളത് കാലിഫോര്‍ണിയയിലാണ്. എച്ച്-1ബി പ്രോഗ്രാമിനെ വളരെയധികം ആശ്രയിക്കുന്ന കാലിഫോര്‍ണിയയില്‍ ഈ നീക്കം 'പ്രതികൂല പ്രത്യാഘാതങ്ങള്‍' ഉണ്ടാക്കും.