5 Aug 2025 3:13 PM IST
ട്രാന്‍സ് ജെന്‍ഡര്‍ സ്ത്രീകള്‍ക്കുള്ള സ്പോര്‍ട്സ് വിസകള്‍ യുഎസ് റദ്ദാക്കും
MyFin Desk
Summary
കുടിയേറ്റ നയത്തില്‍ മാറ്റവുമായി യുഎസ്
വനിതകളുടെ കായിക ഇനങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതിന് നിയന്ത്രണം. സ്പോര്‍ട്സ് വിസകളില്‍ വിലക്കേര്‍പ്പെടുത്തി അമേരിക്ക
വനിതാ കായിക ഇനങ്ങളില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍ക്കുള്ള വിസാ യോഗ്യത നിയന്ത്രിക്കുന്നതിനായി കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തിയതായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പ്രഖ്യാപിച്ചു. കുടിയേറ്റ നയത്തില്‍ വരുത്തിയ പുതിയ മാറ്റം അനുസരിച്ച്, ഒരു പുരുഷ അത്‌ലറ്റ് സ്ത്രീകള്‍ക്കെതിരെ മത്സരിക്കുന്നുവെന്ന വസ്തുത കണക്കിലെടുത്ത് ഇവരുടെ വിസ അപേക്ഷകള്‍ കുടിയേറ്റ വകുപ്പ് റദ്ദാക്കും.
വിദേശീയരായ പുരുഷ അത്ലറ്റുകള്‍ അവരുടെ ജെന്‍ഡര്‍ ഐഡന്റിറ്റി മാറ്റി അവരുടെ ജൈവിക നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള പഴുതുകള്‍ അടക്കുകയാണെന്ന് കുടിയേറ്റ വകുപ്പ് വക്താവ് മാത്യു ട്രാഗെസര്‍ പറഞ്ഞു. വനിതകള്‍ മത്സരിക്കുന്ന കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ യുഎസിലേക്ക് വരാന്‍ വനിതാ അത്‌ലറ്റുകള്‍ക്ക് മാത്രമേ വിസ അനുവദിക്കേണ്ടതുള്ളൂ എന്നത് സുരക്ഷ, ന്യായം, ബഹുമാനം, സത്യം എന്നിവ സംബന്ധിച്ച കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അത്‌ലറ്റിക്‌സില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളിത്തം നിയന്ത്രിക്കുന്നതിനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ തുടര്‍ച്ചയാണിത്. ഈ വര്‍ഷം ആദ്യം ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവിന് അനുസൃതമായിട്ടാണ് പുതിയ നയ രൂപീകരണം.