image

5 Aug 2025 4:24 PM IST

Visa and Emigration

യുഎസ് സന്ദര്‍ശനത്തിന് ചെലവേറും; വിസയ്ക്ക് ബോണ്ട് നിര്‍ബന്ധമാക്കുന്നു

MyFin Desk

യുഎസ് സന്ദര്‍ശനത്തിന് ചെലവേറും;  വിസയ്ക്ക് ബോണ്ട് നിര്‍ബന്ധമാക്കുന്നു
X

Summary

യുഎസിലേക്ക് യാത്ര ചെയ്യുന്നവര്‍ 15,000 ഡോളര്‍ വരെ ബോണ്ട് നല്‍കേണ്ടിവരും


അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ 15,000 ഡോളര്‍ വരെ ബോണ്ട് നല്‍കേണ്ടി വരും. വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാം അവതരിപ്പിച്ച യുഎസ്

യുഎസിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്ക് വിസ അനുവദിക്കുന്നതിന് മുന്‍പ് അവര്‍ പണം കെട്ടിവെക്കണമെന്ന വ്യവസ്ഥ മുന്നോട്ടുവെച്ചു.

വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്ന സന്ദര്‍ശകരെ പിടികൂടാന്‍ ഇത് ലക്ഷ്യമിടുന്നു.ഇത് ഓഗസ്റ്റ് 20 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

ഫെഡറല്‍ രജിസ്റ്റര്‍ നോട്ടീസ് അനുസരിച്ച്, ഉയര്‍ന്ന നിരക്കിലുള്ള വീസ കാലാവധി കഴിഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ബോണ്ടുകള്‍ ചുമത്താനുള്ള വിവേചനാധികാരം ഈ പ്രോഗ്രാം യുഎസ് കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നു.

വിസ കാലാവധിക്ക് ശേഷവും യുഎസില്‍ തുടരുന്നവര്‍ കൂടുതലുള്ള രാജ്യങ്ങളിലെ ബി 1, ബി 2 വിസകള്‍ക്കാണ് പുതിയ നിയമം ബാധകമാകുക.

ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം നടപ്പാക്കുന്ന കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമാണ് വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാം. അമേരിക്കയില്‍ വിസ കാലാവധി കഴിഞ്ഞും തങ്ങുന്നവരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യമാണ് പുതിയ നിയമത്തിന് പിന്നില്‍. ഒരു വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ട്രംപ് ഭരണകൂടം പുതിയ നിയമം നടപ്പിലാക്കുക. വിസ അപേക്ഷകര്‍ക്ക് 5,000 ഡോളര്‍ മുതല്‍ 15,000 ഡോളര്‍ വരെ ബോണ്ടായി നല്‍കേണ്ടി വരും. വിസയുടെ നിബന്ധനകള്‍ പാലിക്കുകയാണെങ്കില്‍ തുക തിരികെ ലഭിക്കും. എന്നാല്‍ അനുവദനീയമായ കാലയളവില്‍ കൂടുതല്‍ യുഎസില്‍ താമസിച്ചാല്‍ തുക നഷ്ടമാകും.

വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാം ആരംഭിക്കുന്നതായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് അറിയിച്ചു. ബിസിനസ് അല്ലെങ്കില്‍ വിനോദ ആവശ്യങ്ങള്‍ക്കായി താല്‍ക്കാലിക സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കുന്ന വിദേശികള്‍ക്കും ഉയര്‍ന്ന വിസ ഓവര്‍സ്റ്റേ നിരക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും പൈലറ്റ് പ്രോഗ്രാം ബാധകമായേക്കാം. അത്തരം സാഹചര്യങ്ങളില്‍ കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ക്ക് 15,000 ഡോളര്‍ വരെ ബോണ്ട് ഈടാക്കാന്‍ സാധിക്കുമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് വ്യക്തമാക്കി.

വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാം ആരംഭിക്കുന്നതിന് 15 ദിവസം മുന്‍പ് ഏതൊക്കെ രാജ്യങ്ങളെയാണ് ഈ നിയമം ബാധിക്കുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടും. വിസ ഇളവ് ലഭ്യമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ നിയമത്തിന് കീഴില്‍ വരും.