7 May 2023 3:01 PM IST
Summary
- ഡിഇവിഎയുടെ സ്മാര്‍ട്ട് ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് സേവനം
- 2022ല്‍ 10 ദശലക്ഷത്തിലധികം ഇടപാടുകള്‍
ദുബൈയിലെ സര്‍ക്കാര്‍ സേവനങ്ങളില്‍ പണമടക്കാന്‍ സാംസങ് പേ ഉപയോഗിക്കാം. ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയാണ് (ഡിഇവിഎ) ഉപഭോക്താക്കള്‍ക്ക് അവരുടെ ബില്ലുകള്‍ സൗകര്യപ്രദമായും സുരക്ഷിതമായും അടയ്ക്കാവുന്ന ഡിജിറ്റല്‍ ചാനലുകളിലേക്ക് സാംസങ് പേ-യെയും ചേര്‍ത്തത്.
ഇതോടെ ഡിജിറ്റല്‍ പേമെന് സാംസങ് പേ ഓപ്ഷന്‍ സ്വീകരിക്കുന്ന ദുബൈയിലെ ആദ്യത്തെ സര്‍ക്കാര്‍ സ്ഥാപനമായി ഡിഇവിഎ. സാംസങ് സ്മാര്‍ട്ട്‌ഫോണുകളിലെ ഡിഇവിഎയുടെ സ്മാര്‍ട്ട് ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. അത്യാധുനിക സാങ്കേതികവിദ്യകളും നൂതനമായ മാര്‍ഗങ്ങളും കൂട്ടിയിണക്കി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഡിഇവിഎ ശ്രമിക്കുകയാണെന്ന് എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അല്‍ താഹിര്‍ പറഞ്ഞു.
പരിസ്ഥിതി സംരക്ഷിക്കുന്നതിനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുമായി ഡിഇവിഎയുടെ എല്ലാ സേവനങ്ങളും വെബ്‌സൈറ്റിലൂടെയും സ്മാര്‍ട്ട് ആപ്പിലൂടെയും ലഭ്യമാക്കിയിട്ടുണ്ട്. ഡിഇവിഎ-യുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ 2022ല്‍ 10 ദശലക്ഷത്തിലധികം ഇടപാടുകള്‍ നടത്തിയിരുന്നു. ഇതിനു പുറമേ യുഎഇയിലെ 20 ബാങ്കുകളുടെ സ്മാര്‍ട്ട് ചാനലുകള്‍ വഴി 4.5 ദശലക്ഷത്തിലധികം ഇടപാടുകളും നടത്തി.