8 May 2023 7:02 PM IST
Summary
- പ്രമേയം സുസ്ഥിര സാമ്പത്തിക വളര്‍ച്ചയും വൈവിധ്യവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഭാവി നിക്ഷേപ അവസരങ്ങള്‍
- നടക്കുന്നത് 12ാമത് എഡിഷന്‍ സംഗമം
- 170 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ
170 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന് യു.എ.ഇയിലെ അബൂദബിയില്‍ ഇന്ന് തുടക്കം. മെയ് 10 വരെയാണ് എ.ഐ.എം ഗ്ലോബല്‍ 2023 നടക്കുന്നത്.
12ാമത് എഡിഷന്‍ സംഗമത്തില്‍ വിവിധ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന കോര്‍പ്പറേറ്റ് നേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സിവില്‍ സൊസൈറ്റി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
സുസ്ഥിര സാമ്പത്തിക വളര്‍ച്ചയും വൈവിധ്യവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഭാവി നിക്ഷേപ അവസരങ്ങള്‍ എന്ന പ്രമേയത്തിലാണ് തലസ്ഥാന നഗരമായ അബൂദബിയില്‍ വാര്‍ഷിക നിക്ഷേപ സമ്മേളനം നടക്കുന്നത്.
അബൂദബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റുമായി സഹകരിച്ച് വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് പരിപാടി.
സ്റ്റാര്‍ട്ടപ്പുകള്‍, വിദേശത്തു നിന്നും നേരിട്ടുള്ള നിക്ഷേപം, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, ഭാവി നഗരങ്ങള്‍, വിദേശത്തു നിന്നുള്ള പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങള്‍ തുടങ്ങിയവ ഉച്ച കോടി ചര്‍ച്ച ചെയ്യും. സംഗമം വന്‍ വിജയമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയതായി വാര്‍ഷിക നിക്ഷേപ യോഗത്തിന്റെ ചെയര്‍മാന്‍ ദാവൂദ് അല്‍ ഷെസാവി പറഞ്ഞു.