6 March 2023 2:15 PM IST
Summary
- 78 ശതമാനം സ്‌കൂളുകളും മികച്ച നിലവാരത്തിലേക്കുയര്‍ന്നു
സര്‍വ മേഖലയിലും ഗുണമേന്മയുള്ളത് മാത്രമെന്ന് ഉറപ്പാക്കുന്നതില്‍ മുന്‍പന്തിയിലാണ് ദുബായ്. അതിനാല്‍ തന്നെ ദുബായില്‍ തുടങ്ങുന്ന സകലതും മികച്ച നിലവാരം പുലര്‍ത്തണമെന്നതാണ് അധികാരികളുടെ ലക്ഷ്യവും. ഈ ആശയം സ്വകാര്യ മേഖലകളില്‍കൂടി വിജയകരമായി തന്നെ നടക്കുന്നുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ദുബായിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതായാണ് വിദ്യാഭ്യാസ അതോറിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ദുബായിലെ 78 ശതമാനം സ്‌കൂളുകളും മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. 32 ഓളം ഇന്ത്യന്‍ സ്‌കൂളുകളില്‍ നടത്തിയ പരിശോധനയില്‍നിന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
കെഎച്ച്ഡിഎയുടെ പരിശോധനകളില്‍ ഹൈ, വെരി ഹൈ എന്ന പട്ടികയിലാണ് 78 ശതമാനം ഇന്ത്യന്‍ സ്‌കൂളുകളും ഉള്‍പ്പെട്ടിരിക്കുന്നത്. 73 ശതമാനം സ്‌കൂകളുകളും ഗുഡ്, ബെറ്റര്‍ വിഭാഗത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്.
ആറ് സ്‌കൂളുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നിലവാരം മെച്ചപ്പെടുത്തിയുട്ടുമുണ്ട്. മികച്ച വിഭാഗത്തിലുണ്ടായിരുന്ന രണ്ട് സ്‌കൂളുകള്‍ വളരെ മികച്ചത് എന്ന നിലയിലേക്കും ഉയര്‍ന്നു. മുന്‍പ് പ്രകടനം മോശമായിരുന്നു ഒരു സ്‌കൂള്‍ നിലവാരം മെച്ചപ്പെടുത്തി തൃപ്തികരം എന്ന വിഭാഗത്തിലുമെത്തിയിട്ടുണ്ട്.
കൂടാതെ, മൂന്ന് സ്‌കൂളുകള്‍ തൃപ്തികരം എന്ന നിലയില്‍ നിന്ന് മികച്ചത് എന്ന വിഭാഗത്തിലേക്കും ഉയര്‍ന്നിട്ടുണ്ട്. ഇവയൊന്നും കൂടാതെ യുഎഇ എന്നും പ്രത്യേക പരിഗണന നല്‍കുന്ന നിശ്ചയദാര്‍ഢ്യ വിഭാഗത്തിലെ 85 ശതമാനത്തോളം വിദ്യാര്‍ഥികള്‍ക്കും വളരെ മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. 2019-20 വര്‍ഷങ്ങളില്‍ ഇത് 74 ശതമാനം മാത്രമായിരുന്നു. നിശ്ചിത വിഭാഗത്തിലെ 5,254 വിദ്യാര്‍ഥികള്‍ക്കും മികച്ച സൗകര്യങ്ങളാണ് സ്‌കൂളുകള്‍ ഒരുക്കി നല്‍കിയിരിക്കുന്നത്.
സ്‌കൂളുകളുടെ ഇംഗ്ലീഷ് ഭാഷാ മികവില്‍ നേരത്തെ 75 ശതമാനമായിരുന്നത് ഈ വര്‍ഷത്തിലേക്കെത്തിയപ്പോള്‍ 84 ശതമാനമായും മെച്ചപ്പെടുത്തിയിട്ടുണ്ട്.