image

7 May 2023 3:24 PM IST

NRI

റാസല്‍ ഖൈമയില്‍ ഹോട്ടല്‍ രംഗത്ത് വന്‍ നിക്ഷേപങ്ങള്‍ വരുന്നു; പതിനായിരക്കണക്കിന് തൊഴിലവസരങ്ങളും

MyFin Desk

റാസല്‍ ഖൈമയില്‍ ഹോട്ടല്‍ രംഗത്ത് വന്‍ നിക്ഷേപങ്ങള്‍ വരുന്നു; പതിനായിരക്കണക്കിന് തൊഴിലവസരങ്ങളും
X

Summary

  • അഞ്ചു വര്‍ഷത്തിനുള്ളില്‍ ഹോട്ടല്‍ മുറികളുടെ എണ്ണം ഇരട്ടിയാക്കും
  • വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 13% വര്‍ധന
  • സാഹസിക വിനോദസഞ്ചാരത്തിനുള്ള ആകര്‍ഷക കേന്ദ്രം


യു.എ.ഇയിലെ റാസല്‍ഖൈമയില്‍ ഹോട്ടല്‍ മേഖലയില്‍ വന്‍ നിക്ഷേപങ്ങളും നിരവധി തൊഴിലവസരങ്ങളും വരുന്നു. പ്രമുഖ ഹോസ്പിറ്റാലിറ്റി ബ്രാന്റായ വിന്‍ റിസോര്‍ട്ട്സ് (wynn resorts) ഉള്‍പ്പെടെ റാസല്‍ഖൈമയില്‍ പുതിയ ഹോട്ടലുകള്‍ തുറക്കാന്‍ പോകുകയാണ്. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ ഹോട്ടല്‍ മുറികളുടെ എണ്ണം ഇരട്ടിയാക്കാനാണ് തങ്ങളുടെ പദ്ധതിയെന്ന് റാസല്‍ഖൈമ ടൂറിസം ഡെവലപ്പ്‌മെന്റ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ റാക്കി ഫിലിപ്‌സ് പറഞ്ഞു. ഇതിലൂടെ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

ഇന്റര്‍ കോണ്ടിനനന്റല്‍, ഹാംപ്റ്റണ്‍, മൂവന്‍ പിക്ക് തുടങ്ങിയ പ്രമുഖര്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. മിന അല്‍ അറബിലും അല്‍ഹംറയിലും പുതിയ ഹോട്ടലുകള്‍ തുറക്കാനിരിക്കയാണ്. പ്രമുഖ കമ്പനികളായ അല്‍ദാന്‍, അബുദബി നാഷണല്‍ ഹോട്ടല്‍, എമാര്‍ തുടങ്ങിയവ റാസല്‍ഖൈമയില്‍ നിക്ഷേപമിറക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

വിനോദ സഞ്ചാരമേഖലയില്‍ ഈ വർഷം റാസല്‍ഖൈമയ്ക്ക് ഏറ്റവും മികച്ചതാണെന്ന വിലയിരുത്തലുകളും പുറത്തു വന്നിട്ടുണ്ട്. എമിറേറ്റിലെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 13 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. സഞ്ചാരികളഉടെ എണ്ണം 1.13 ദശലക്ഷത്തിലെത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ മറികടന്ന് വളരേ വേഗത്തിലാണ് ഈ മേഖലയിലെ കുതിപ്പ് തുടരുന്നത്.

യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതങ്ങള്‍, 64 കിലോമീറ്റര്‍ വെണ്‍മണല്‍ ബീച്ചുകള്‍, പുതിയ ഹോട്ടലുകളില്‍ നിന്നുള്ള വ്യത്യസ്ത അനുഭവങ്ങള്‍ എന്നിവയെല്ലാം റാസല്‍ഖൈമയെ വിനോദ സഞ്ചാര മേഖലയില്‍ വ്യത്യസ്തമാക്കുകയാണ്. സാഹസിക വിനോദസഞ്ചാരത്തിനുള്ള ആകര്‍ഷകമായ കേന്ദ്രം കൂടിയാണിവിടം. ഏറ്റവും നീളമേറിയ സീപ്ലൈന്‍, സ്‌കൈ ടൂര്‍, ജെയ്‌സ് ലാഡര്‍, ഹൈക്കിംഗ് ട്രയലുകള്‍ എന്നിവയും ഇവിടെയുണ്ട്.