7 May 2023 6:40 PM IST
Summary
- സ്വദേശിവത്കരണത്തിന് വളഞ്ഞ വഴികള്‍ തേടരുത്
- നിയമം ലംഘിക്കുന്നവര്‍ക്ക് തുടക്കത്തില്‍ 100,000 ദിര്‍ഹം പിഴ
- കമ്പനികള്‍ക്ക് 500,000 ദിര്‍ഹം വരെ പിഴ ചുമത്തും
യു.എ.ഇയില്‍ സ്വദേശിവല്‍ക്കരണ പദ്ധതികള്‍ ലംഘിക്കുന്ന കമ്പനികള്‍ക്ക് 500,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം (MOHRE) അറിയിച്ചു. സ്വദേശിവല്‍ക്കരണം നിബന്ധന നടപ്പാക്കാനായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയോ അവരുടെ വര്‍ഗീകരണം പരിഷ്‌കരിക്കുകയോ ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.
നിയമം ലംഘിക്കുന്നവര്‍ക്ക് തുടക്കത്തില്‍ 100,000 ദിര്‍ഹം പിഴ ചുമത്തും. രണ്ടാം തവണയും ലംഘനം ആവര്‍ത്തിച്ചാല്‍ 300,000 ദിര്‍ഹം പിഴയും മൂന്നാം തവണ ലംഘനം നടത്തിയാല്‍ 500,000 ദിര്‍ഹം പിഴയും ചുമത്തും. 50 ജീവനക്കാരോ അതില്‍ കൂടുതലോ ഉള്ള കമ്പനികള്‍ ഓരോ ആറ് മാസത്തിലും തങ്ങളുടെ സ്വദേശി ജീവനക്കാരുടെ എണ്ണം 1 ശതമാനം വര്‍ധിപ്പിക്കുകയും വര്‍ഷാവസാനത്തോടെ 2 ശതമാനം എമിറേറ്റൈസേഷന്‍ നിരക്ക് കൈവരിക്കുകയും വേണം.
സംരംഭങ്ങളുമായും പദ്ധതികളുമായും ബന്ധപ്പെട്ട ലംഘനങ്ങളും ഭരണപരമായ പിഴകളും സംബന്ധിച്ച്, ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ് കൗണ്‍സിലിന്റെ (നാഫിസ്) നമ്പര്‍ 95 പ്രമേയത്തിന് 2022ല്‍ യുഎഇ കാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു. ഇതിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്ന 2023ലെ പ്രമേയം നമ്പര്‍44 യുഎഇ കാബിനറ്റ് നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായിരിക്കുന്നത്.