11 March 2023 12:12 PM IST
Summary
- 80 വനിതാ ഡ്രൈവര്‍മാരെ നിയമിക്കാനാണ് പുതിയ ധാരണ
സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും ഇനി വനിതകള്‍ ജോലികള്‍ കൈയടക്കും. നിലവില്‍ രാജ്യത്തെ വിമാനത്താവളങ്ങളിലെ ടാക്‌സി ഡ്രൈവര്‍മാരായി വനിതകളെ നിയമിക്കാന്‍ ധാരണയായിട്ടുണ്ട്.
രാജ്യത്തെ പ്രധാനപ്പെട്ട നാല് വിമാനത്താവളങ്ങളിലായി എണ്‍പതോളം വനിത ടാക്‌സി ഡ്രൈവര്‍മാരെ നിയമിക്കാനാണ് പുതിയ ധാരണ. വിമാനത്താവള ടാക്‌സി ജോലികളും സ്വദേശിവല്‍ക്കരിക്കുന്ന പദ്ധതിക്ക് കീഴിലാണ് പുതിയ ചരിത്രപരമായ നടപടി കൈക്കൊണ്ടിരിക്കുന്നത്.
സൗദി മാനവ വിഭവശേഷി മന്ത്രാലയവും പൊതു ഗതാഗത അതോറിറ്റിയും കൈകോര്‍ത്താണ് പുതിയ പദ്ധതി നടപ്പിലാക്കാനിരിക്കുന്നത്. രാജ്യത്തെ സുപ്രധാന വിമാനത്താവളങ്ങളായ റിയാദ്, ജിദ്ദ, ദമാം, മദീന വിമാനത്താവളങ്ങളിലാണ് ഈ പുതിയ സേവനം ലഭ്യമാക്കുക.
സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തൗതീന്‍ പ്രോഗ്രാം രണ്ടിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്താകമാനം എണ്‍പത് വനിതാ ടാക്‌സി ഡ്രൈവര്‍മാരെ നിയമിക്കുന്നിനാണ് ധാരണയായിരിക്കുന്നത്.
ടാക്‌സി ജോലികളെല്ലാം സ്വദേശിവത്ക്കരിക്കുക, ഗതാഗത മേഖലകളില്‍ വനിതാ ശാക്തീകരണം വ്യാപിപ്പിക്കുക, സ്ത്രീകള്‍ക്കുള്ള തൊഴില്‍ പരിശീനങ്ങളും യോഗ്യതയും തൊഴില്‍ നൈപുണ്യവുമെല്ലാം വികസിപ്പിക്കുക എന്നിവയെല്ലാം പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.