29 Dec 2022 3:30 PM IST
Summary
- ആദ്യ ഘട്ടത്തില്‍ അഞ്ച് പ്രഫഷനുകളിലെ റിക്രൂട്ട്മെന്റുകള്‍ക്കാണ് നിബന്ധനകള്‍ ബാധകമാകുക
- ഡെല്‍ഹി, മുംബൈ നഗരങ്ങളിലാണ് പരിശോധന നടത്തുക
പരിചയ സമ്പന്നരായ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും തൊഴില്‍ രംഗത്തെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ റിക്രൂട്ട്മെന്റുകള്‍ക്ക് സൗദി അറേബ്യയില്‍ തൊഴില്‍ നൈപുണ്യ പരിശോധന ആരംഭിക്കും. അടുത്ത ജനുവരി മുതല്‍ അഞ്ച് പ്രഫഷനുകള്‍ക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ തൊഴില്‍ നൈപുണ്യ പരിശോധന ആരംഭിക്കും.
സൗദി മാനവവിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ആദ്യ ഘട്ടമെന്ന നിലയില്‍ അഞ്ച് പ്രഫഷനുകളിലെ റിക്രൂട്ട്മെന്റുകള്‍ക്കാണ് നിബന്ധനകള്‍ ബാധകമാകുക. വെല്‍ഡര്‍, പ്ലംബര്‍, റഫ്രിജറേഷന്‍ എയര്‍കണ്ടീഷനിംഗ് ടെക്നീഷ്യന്‍, ഇലക്ട്രീഷന്‍, ഓട്ടോമൊബൈല്‍ ഇലക്ട്രീഷ്യന്‍ തുടങ്ങിയ തസ്തികകള്‍ക്കാണ് ആദ്യം പരിശോധന ബാധകമാകുക.
ഡെല്‍ഹി, മുംബൈ നഗരങ്ങളില്‍ വെച്ച് പരിശോധന നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. സൗദി സാങ്കേതിക തൊഴിലധിഷ്ഠിത പരിശീലന കോര്‍പ്പറേഷന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ 2021 മാര്‍ച്ചിലാണ് ആദ്യമായി തൊഴില്‍ നൈപുണ്യ പരിശോധനക്ക് സൗദിയില്‍ മന്ത്രാലയം തുടക്കം കുറിച്ചത്.