7 May 2023 12:59 PM IST
Summary
- പ്രധാനമായും ആറു മേഖലകളില്‍ നിന്നുള്ള പ്രതികരണങ്ങൾ
- ജൂണ്‍ 15 വരെ അഭിപ്രായം അറിയിക്കാം
- 2022 മേയ് 1നാണ് സിഇപിഎ പ്രാബല്യത്തില്‍ വന്നത്
യുഎഇ, ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ) നടപ്പാക്കി ഒരു വര്‍ഷത്തിന് ശേഷം അതിന്റെ ഫലങ്ങള്‍ വിലയിരുത്തുന്നതിനായി സാമ്പത്തിക മന്ത്രാലയം സര്‍വേ ആരംഭിച്ചതായി യു.എ.ഇയുടെ വാര്‍ത്താ ഏജന്‍സി വാം അറിയിച്ചു.
സി.ഇ.പി.എ നേരിട്ടോ പരോക്ഷമായോ സ്വാധീനം ചെലുത്തിയ കയറ്റുമതിക്കാര്‍, വ്യവസായികള്‍, നിക്ഷേപകര്‍, സംരംഭകര്‍ തുടങ്ങിയ സ്വകാര്യ മേഖലയിലെ വ്യക്തികളില്‍ നിന്നാണ് ഫീഡ്ബാക്കും സ്ഥിതിവിവരക്കണക്കുകളും ശേഖരിക്കുന്നത്. ആറു മേഖലകളില്‍ നിന്നുള്ള പ്രതികരണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്.
വ്യാപാരത്തിലെ ഏറ്റക്കുറച്ചിലുകള്‍, നിക്ഷേപങ്ങള്‍, പുതിയ പങ്കാളിത്തങ്ങള്‍, തൊഴിലവസരങ്ങള്‍,താരിഫ് നിരക്കുകളും വ്യാപാര തടസ്സങ്ങളും, വിതരണ ശൃംഖലയുടെ കാര്യക്ഷമത, നവീകരണവും മത്സരവും എന്നിങ്ങനെയുള്ള വിഷയങ്ങള്‍ സര്‍വേയില്‍ ഉള്‍പ്പെടുന്നു. 2023 ജൂണ്‍ 15 വരെ സര്‍വേ സാമ്പത്തിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും. https://www.moec.gov.ae/web/guest/cepa).
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 18ന് ഒപ്പുവെച്ച യുഎഇ-ഇന്ത്യ സിഇപിഎ മേയ് 1നാണ് പ്രാബല്യത്തില്‍ വന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും മെച്ചപ്പെടുത്തുന്നതിനാണ് ഇത് നടപ്പാക്കുന്നത്. സേവനങ്ങള്‍, ബൗദ്ധിക സ്വത്തവകാശം, നിക്ഷേപം, തര്‍ക്ക പരിഹാരം തുടങ്ങിയവ കരാറില്‍ ഉള്‍പ്പെടുന്നുണ്ട്.