image

21 March 2026 11:17 AM IST

Financial planning

ബാങ്കിടപാടുകളിൽ പരാതിയുണ്ടോ? 30 ലക്ഷം രൂപ വരെ നഷ്ടപരിഹാരം

MyFin Desk

got a complaint about banking transactions, compensation up to rs 30 lakh
X

Summary

നഷ്ടപരിഹാരത്തുക ഉയർത്തി. ബാങ്കിടപാടുകാരുടെ പരാതിയിൽ നഷ്ടപരിഹാരം നൽകാൻ ഇനി ഇൻ്റേണൽ ഓംബുഡ്സ്മാനും അധികാരം.


2026 ജനുവരിയിൽ, ബാങ്കിടപാടുകളിലെ പോരായ്മകളിൽ ഇടപാടുകാർ നൽകുന്ന പരാതികൾ കൈകാര്യം ചെയ്യുന്ന രണ്ടു പ്രധാനപ്പെട്ട നയരേഖകൾ റിസർവ് ബാങ്ക് കൊണ്ട് വന്നു. ഒന്ന്, വാണിജ്യ ബാങ്കുകളിലുള്ള

ഇന്റെണൽ ഓംബുഡ്‌സ്മാൻ സംവിധാനവും, മറ്റൊന്ന് ബാങ്കുകൾക്കും മറ്റുധനകാര്യസ്ഥാപനങ്ങൾക്കും ബാധകമായ ഇന്റർഗ്രേറ്റഡ് ഓംബുഡ്സ്മാൻ സംവിധാനവും (കരട് രേഖ). ഇടപാടുകാരുടെ പരാതികൾ കൂടുതൽ കാര്യക്ഷമമായി പരിഹരിക്കുവാൻ പുതിയ നിർദ്ദേശങ്ങൾക്ക് സാധിക്കും.

നഷ്ടപരിഹാര തുക ഉയർത്തി

ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ കരട് നയരേഖയിലെ പ്രധാനപ്പെട്ട മാറ്റം ഇടപാടുകാർക്ക് നൽകുന്ന നഷ്ടപരിഹാര തുകയിലാണ്. നേരത്തെ ഇത് 20 ലക്ഷം രൂപ വരെ ആയിരുന്നു. പുതിയ തീരുമാനമനുസരിച്ച് നഷ്ടപരിഹാര തുക 30 ലക്ഷം വരെയാക്കി ഉയർത്തി. അതുപോലെ, പരാതിയുമായി

ബന്ധപ്പെട്ട് ഇടപാടുകാരന് വന്നിട്ടുള്ള സമയ നഷ്ടം, ചെലവ്, മാനസിക വിഷമം, ബുദ്ധിമുട്ടുകൾ, അലച്ചിലുകൾ, അസൗകര്യങ്ങൾ, ഉപദ്രവങ്ങൾ എന്നിവക്കുള്ള നഷ്ടപരിഹാരം നേരത്തെ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയിൽ നിന്ന് മൂന്ന് ലക്ഷം രൂപയായി വർധിപ്പിച്ചു. പുതിയ നിർദ്ദേശങ്ങൾ 2026 ജൂലൈ മാസം ഒന്നാം തീയതി മുതൽ നിലവിൽ വരും.

ഇൻ്റേണൽ ഓംബുഡ്സ്മാൻ നഷ്ടപരിഹാരത്തുക നിശ്ചയിക്കും

വാണിജ്യ ബാങ്കുകളിലെ ഇന്റെർണൽ ഓംബുഡ്സ്മാന് ഇടപാടുകാർക്ക് നഷ്ടപരിഹാരം നൽകുവാൻ നേരത്തെ അധികാരം ഇല്ലായിരുന്നു. നഷ്ടപരിഹാര അപേക്ഷയിലുള്ള തീരുമാനം റിസർവ് ബാങ്കിലെ

ഓംബുഡ്സ്മാൻ ആണ് എടുത്തിരുന്നത്. എന്നാൽ 2026 ജനുവരി 14 മുതൽ, ഈ അധികാരം ഇന്റെർണൽ ഓംബുഡ്‌സ്മാനും നൽകിയിട്ടുണ്ട്. അതനുസരിച്ച് ഓംബുഡ്സ്മാൻ തീർപ്പു കല്പിക്കുന്ന പരാതികളിൽ ഇടപാടുകാർക്ക് നഷ്ടപരിഹാരം നൽകുവാൻ ഉള്ള തീരുമാനവും അവിടെത്തന്നെ എടുക്കാം.

ബാങ്കിൻ്റെ നയരേഖ അനുസരിച്ച് തീരുമാനം

നഷ്ടപരിഹാര തുക റിസർവ് ബാങ്കിന്റെ നിബന്ധനകൾ നിലനിൽക്കുന്ന കാര്യങ്ങളിൽ അത് അനുസരിച്ചാണ് നൽകേണ്ടത്. റിസർവ് ബാങ്കിന്റെ നിബന്ധനകൾ ഇല്ലാത്ത കാര്യങ്ങളിൽ അതാത് ബാങ്കിന്റെ നയരേഖ അനുസരിച്ചാണ് നഷ്ടപരിഹാര തുക നിശ്ചയിക്കുക.

പരാതിയുമായി ബന്ധപ്പെട്ട് ഇടപാടുകാർക്കുള്ള ചെലവുകൾ, മാനസിക വിഷമം തുടങ്ങിയ ബുദ്ധിമുട്ടുകൾക്കും നേരത്തെ റിസർവ് ബാങ്കിലെ ഓംബുഡ്സ്മാൻ എടുത്തിരുന്ന തരത്തിലുള്ള തീരുമാനങ്ങൾ ഇപ്പോൾ ഇന്റെർണൽ ഓംബുഡ്‌സ്മാനും എടുക്കാം. ഇന്റെർണൽ ഓംബുഡ്സ്മാൻ തന്റെ തീരുമാനത്തോടൊപ്പം മുകളിൽ സൂചിപ്പിച്ച രണ്ടു തരം നഷ്ടപരിഹാര കാര്യത്തിലുമുള്ള ശുപാർശ ബാങ്കിന് നൽകും.

നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങളിൽ അതാത് ബാങ്കുകളിൽ തന്നെ തീരുമാനം എടുത്ത് പരാതികൾ വേഗത്തിൽ തീർത്തു കൊടുക്കാം എന്നതാണ് ഇതിന്റെ സൗകര്യം. മാത്രമല്ല, നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ പരാതിക്കാർ റിസർവ് ബാങ്കിലെ ഓംബുഡ്സ്മാന് പരാതി നൽകണം എന്ന ബദ്ധപ്പാട് ഒഴിവാകുകയും ചെയ്തു.

(കെ എ ബാബു)

ലേഖകൻ ഫെഡറൽ ബാങ്കിലെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബാങ്കിങ് രംഗത്തെ ധനകാര്യ വിദഗ്ദ്ധനുമാണ്

[email protected]