28 May 2025 10:30 AM IST
Summary
സമഗ്രമായ ഹോം ഇൻഷുറൻസ് പോളിസികൾ കൂടുതൽ വിപുലമായ പരിരക്ഷ നൽകുന്നു
അപ്രതീഷിതമായ പ്രകൃതി ദുരന്തങ്ങൾ പലപ്പോഴും മനുഷ്യരുടെ ജീവനും, സ്വത്തിനും വലിയ ഭീഷണി ഉയർത്തുകയും കൊടും നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്യാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സാമ്പത്തികമായി ബുദ്ധിമുട്ടിലാവുന്ന വ്യക്തികൾക്കും, കുടുംബങ്ങൾക്കും താങ്ങും തണലുമാകാൻ ഇൻഷുറൻസ് പോളിസികൾക്ക് സാധിക്കുന്നു. വ്യക്തിഗത സമ്പാദ്യങ്ങളെ ആശ്രയിക്കാതെയും, കടം വാങ്ങാതെയും നഷ്ടങ്ങളിൽ നിന്ന് കരകയറാൻ ഇൻഷുറൻസ് പോളിസികൾ സഹായിക്കുന്നു. സാധാരണയായി, ഇത്തരം പോളിസികൾ വീടുകൾ, കൃഷി, വാഹനങ്ങൾ, ബിസിനസ്സുകൾ എന്നിവയ്ക്ക് സംഭവിക്കുന്ന സാമ്പത്തിക നഷ്ടങ്ങൾ നികത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്.
പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്ന് സാമ്പത്തിക സംരക്ഷണം നൽകാൻ ഇൻഷുറൻസ് പോളിസികൾക്ക്, പ്രത്യേകിച്ച് കോമ്പ്രെഹെൻസീവ് ഇൻഷുറൻസുകൾക്ക് കഴിയും. പല പോളിസികളും കൊടുങ്കാറ്റ്, ഭൂകമ്പം, വെള്ളപ്പൊക്കം തുടങ്ങിയ സംഭവങ്ങളിൽ നിന്നുള്ള നാശനഷ്ടങ്ങൾ സ്വയമേവ പരിരക്ഷിക്കുമ്പോൾ, ചിലതിന് പ്രത്യേകമായ അധിക കവറേജുകൾ ആവശ്യമായി വന്നേക്കാം.
ഹോം ഇൻഷുറൻസ്
സമഗ്രമായ ഹോം ഇൻഷുറൻസ് പോളിസികൾ കൂടുതൽ വിപുലമായ പരിരക്ഷ നൽകുന്നു. ഇതിൽ അടിസ്ഥാന പോളിസികളിൽ ഉൾപ്പെടുന്ന ആനുകൂല്യങ്ങൾക്ക് പുറമെ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, കാട്ടുതീ, മോഷണം, മനുഷ്യനിർമ്മിത ദുരന്തങ്ങൾ എന്നിവയും ഉൾപ്പെട്ടേക്കാം. ഇവയൊക്കെ സമഗ്ര പോളിസികളോടൊപ്പം നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ചേർക്കാൻ കഴിയുന്ന അധിക പരിരക്ഷകളാണ്. വീടിനും വീടിനുള്ളിലെ വസ്തുക്കൾക്കും പോളിസിയിൽ പരിരക്ഷ ലഭിക്കുന്നു. നിങ്ങളുടെ പ്രദേശത്തെ അപകടസാധ്യതകളും ആവശ്യകതകളും പരിഗണിച്ച് ഏറ്റവും അനുയോജ്യമായ പോളിസി തിരഞ്ഞെടുക്കണം.
സ്റ്റാൻഡേർഡ് കവറേജ്: സ്റ്റാൻഡേർഡ് ഹോം ഇൻഷുറൻസ് പോളിസികൾ തീ, ഇടിമിന്നൽ, സ്ഫോടനങ്ങൾ, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന വീടിന്റെ ഘടനയ്ക്കും അതിലെ സാധനങ്ങൾക്കും സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് പരിരക്ഷ നൽകുന്നു. പ്രകൃതിദുരന്തങ്ങൾക്കുള്ള പ്രത്യേക കവറേജും നിങ്ങൾക്ക് ആവശ്യമായേക്കാവുന്ന അധിക കവറേജുകളും മനസ്സിലാക്കാൻ നിങ്ങളുടെ ഹോം ഇൻഷുറൻസ് പോളിസി സൂക്ഷ്മമായി പരിശോധിക്കുന്നത് വിവേകപൂർണ്ണമാണ്.
2021 ഏപ്രിലിൽ, എല്ലാ ജനറൽ ഇൻഷുറൻസ് കമ്പനികളും ഭാരത് ഗൃഹ രക്ഷ (ബിജിആർ) എന്ന പേരിൽ ഒരു സ്റ്റാൻഡേർഡ് ഹോം ഇൻഷുറൻസ് പോളിസി വാഗ്ദാനം ചെയ്യുന്നത് ഐ ആർ ഡി ഐ നിർബന്ധമാക്കി. റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കും അവയിലെ ഉള്ളടക്കങ്ങൾക്കും ബി ജി ആ ർ സമഗ്ര ഇൻഷുറൻസ് പരിരക്ഷ നൽകുന്നു.
പ്രകൃതി ദുരന്തങ്ങൾ മൂലമുള്ള മരണത്തിന് പരിരക്ഷ
ടേം ഇൻഷുറൻസും, ലൈഫ് ഇൻഷുറൻസും സാധാരണയായി പ്രകൃതി ദുരന്തങ്ങൾ മൂലമുള്ള മരണങ്ങൾക്ക് പരിരക്ഷ നൽകുന്നു. സാധാരണയായി ഇന്ത്യയിലെ എല്ലാ ടേം ഇൻഷുറൻസ് പ്ലാനുകളും വെള്ളപ്പൊക്കം, ഭൂകമ്പം, ചുഴലിക്കാറ്റുകൾ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ മൂലമുള്ള മരണത്തിന് പരിരക്ഷ നൽകുന്നു. പോളിസി നിബന്ധനകളിൽ നിന്ന് പ്രത്യേകമായി ഒഴിവാക്കിയിട്ടില്ലെങ്കിൽ, ലൈഫ് ഇൻഷുറൻസ് പോളിസികളും സാധാരണയായി ഇത്തരം മരണങ്ങൾക്ക് പരിരക്ഷ നൽകുന്നു.
വാഹന ഇൻഷുറൻസ്
വെള്ളപ്പൊക്കം, ഭൂകമ്പം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന ഒരു വാഹനത്തിന്റെ നാശനഷ്ടങ്ങൾക്ക് സമഗ്ര വാഹന ഇൻഷുറൻസ് പോളിസിയിലൂടെ ക്ലെയിം ചെയ്യാൻ സാധിക്കും.
മോട്ടോർ വാഹന നിയമപ്രകാരം ഇന്ത്യയിലെ എല്ലാ വാഹനങ്ങൾക്കും ഓട്ടോ ഇൻഷുറൻസ്, പ്രത്യേകിച്ച് തേർഡ് പാർട്ടി ബാധ്യതാ കവറേജ് നിർബന്ധമാണ്. നിങ്ങളുടെ തെറ്റ് കാരണം മറ്റുള്ളവർക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങൾക്കും പരിക്കുകൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷ നൽകുമ്പോൾ സമഗ്രമായ കാർ ഇൻഷുറൻസ് പ്രകൃതി ദുരന്തനങ്ങളിൽ നിന്ന് അധിക സംരക്ഷ നൽകുന്നു.
ട്രാവൽ ഇൻഷുറൻസ്
പ്രകൃതിദുരന്തങ്ങൾ കാരണം യാത്ര റദ്ദാക്കുകയോ, അധിക ചെലവുകൾ ഉണ്ടാകുകയോ, അടിയന്തര ഒഴിപ്പിക്കൽ ആവശ്യമായി വരികയോ ചെയുന്ന സാഹചര്യത്തിൽ ട്രാവൽ ഇൻഷുറൻസ് കവറേജ് നൽകുന്നു.
ബിസിനസ് ഇൻഷുറൻസ്
പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും നഷ്ടങ്ങൾക്കും പരിരക്ഷ നൽകുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ബിസിനസ് ഇൻഷുറൻസ് പോളിസികളുണ്ട്. പൊതുവേ, സ്റ്റാൻഡേർഡ് ബിസിനസ് ഇൻഷുറൻസ് പോളിസികൾ ചില പ്രകൃതി ദുരന്തങ്ങളെ പരിരക്ഷിക്കുന്നു. ബിസിനസുകൾക്കുള്ള വെള്ളപ്പൊക്ക ഇൻഷുറൻസ് വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന നഷ്ടങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രത്യേക തരം പ്രോപ്പർട്ടി ഇൻഷുറൻസാണ്, ഇത് സാധാരണയായി സാധാരണ വാണിജ്യ സ്വത്ത് ഇൻഷുറൻസിന്റെ പരിധിയിൽ വരില്ല. ഇത് വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന കെട്ടിടങ്ങൾ, ഉപകരണങ്ങൾ, ഇൻവെന്ററി എന്നിവയ്ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്ന് ബിസിനസുകൾക്ക് സാമ്പത്തിക പരിരക്ഷ നൽകുന്നു.
നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഏറ്റവും മികച്ച കവറേജ് ഓപ്ഷനുകൾ കണ്ടെത്താൻ നിങ്ങളുടെ ഇൻഷുറൻസ് ഏജന്റുമായി സംസാരിക്കുന്നത് വളരെ പ്രധാനമാണ്. അവർക്ക് നിങ്ങളുടെ സാഹചര്യങ്ങൾ വിലയിരുത്തി ശരിയായ മാർഗ്ഗനിർദ്ദേശം നൽകാൻ കഴിയും.