26 July 2022 12:22 PM IST
Summary
ഡെല്‍ഹി: സോഷ്യല്‍ എന്റര്‍പ്രൈസസിന് ഫണ്ട് സ്വരൂപിക്കുന്നതിനുള്ള പുതിയ മാര്‍ഗമായി സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനായി (എസ്എസ്ഇ) സെബി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സെബി രൂപീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെയും സാങ്കേതിക ഗ്രൂപ്പിന്റെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ചട്ടക്കൂട് വികസിപ്പിച്ചെടുത്തത്. സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്ത്യയിലെ ഒരു പുതിയ ആശയമാണ്. അത്തരം ഒരു എക്‌സ്‌ചേഞ്ച് ലാഭേച്ഛയില്ലാത്ത മേഖലകള്‍ക്ക് കൂടുതല്‍ മൂലധനം നല്‍കി അവരെ സേവിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. 2019-20ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് എസ്എസ്ഇ എന്ന ആശയം ആദ്യമായി […]
ഡെല്‍ഹി: സോഷ്യല്‍ എന്റര്‍പ്രൈസസിന് ഫണ്ട് സ്വരൂപിക്കുന്നതിനുള്ള പുതിയ മാര്‍ഗമായി സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനായി (എസ്എസ്ഇ) സെബി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സെബി രൂപീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെയും സാങ്കേതിക ഗ്രൂപ്പിന്റെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ചട്ടക്കൂട് വികസിപ്പിച്ചെടുത്തത്.
സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്ത്യയിലെ ഒരു പുതിയ ആശയമാണ്. അത്തരം ഒരു എക്‌സ്‌ചേഞ്ച് ലാഭേച്ഛയില്ലാത്ത മേഖലകള്‍ക്ക് കൂടുതല്‍ മൂലധനം നല്‍കി അവരെ സേവിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. 2019-20ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് എസ്എസ്ഇ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. സെബി പുതിയതായി പുറപ്പെടുവിച്ച മൂന്ന് വ്യത്യസ്ത വിജ്ഞാപനങ്ങള്‍ പ്രകാരം നിലവിലുള്ള സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ ഒരു പ്രത്യേക വിഭാഗമായിരിക്കും എസ്എസ്ഇ.
ലാഭേച്ഛയില്ലാത്ത ഓര്‍ഗനൈസേഷനുകളും (എന്‍പിഒ) ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സാമൂഹിക സംരംഭങ്ങളും എസ്എസ്ഇയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ള സോഷ്യല്‍ എന്റര്‍പ്രൈസസ് (എസ്ഇ) എന്റിറ്റികളായിരിക്കും.
റെഗുലേറ്റര്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 16 വിശാലമായ പ്രവര്‍ത്തനങ്ങളില്‍ സോഷ്യല്‍ എന്റര്‍പ്രൈസസ് സാമൂഹിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടേണ്ടതുണ്ട്. പട്ടിണി, ദാരിദ്ര്യം, പോഷകാഹാരക്കുറവ്, അസമത്വം എന്നിവ ഇല്ലാതാക്കുക; ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസം, തൊഴിലവസരം, ഉപജീവനമാര്‍ഗ്ഗം എന്നിവയെ പിന്തുണയ്ക്കുക; സ്ത്രീകളുടെയും എല്‍ജിജിടിക്യുഐഎ+ കമ്മ്യൂണിറ്റികളുടെയും ലിംഗസമത്വ ശാക്തീകരണം; കൂടാതെ സോഷ്യല്‍ എന്റര്‍പ്രൈസസിന്റെ ആശയങ്ങള്‍ പിന്തുണയ്ക്കുക തുടങ്ങിയവ ഇതില്‍ പെടുന്നു.
സെബിയുടെ ഇതര നിക്ഷേപ ഫണ്ട് മാനദണ്ഡങ്ങള്‍ക്ക് കീഴിലുള്ള സോഷ്യല്‍ വെഞ്ച്വര്‍ ഫണ്ടുകളെ എന്‍പിഒകളിലെ നിക്ഷേപത്തിനുള്ള ആകര്‍ഷകമായ മാര്‍ഗമാക്കി മാറ്റുന്നതിനുള്ള ശ്രമത്തില്‍ സോഷ്യല്‍ ഇംപാക്ട് ഫണ്ടുകള്‍ എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. കൂടാതെ, അത്തരം ഫണ്ടുകളുടെ കോര്‍പ്പസ് ആവശ്യകതകള്‍ 20 കോടി രൂപയില്‍ നിന്ന് അഞ്ച് കോടി രൂപയായി കുറച്ചു. ഈ ഫണ്ടുകളില്‍ ഒരു വ്യക്തിഗത നിക്ഷേപത്തിന്റെ ഏറ്റവും കുറഞ്ഞ മൂല്യം രണ്ട് ലക്ഷം രൂപയായിരിക്കും. മാത്രമല്ല ഏതൊരു വ്യക്തിയില്‍ നിന്നും ഫണ്ടിന് സ്വീകരിക്കാവുന്ന ഗ്രാന്റ് തുക 25 ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയായി കുറച്ചു.