image

4 May 2022 1:18 PM IST

Market

വിപണി മൂന്നു ശതമാനം ഇടിഞ്ഞു, നിക്ഷേപകർക്ക് ആറു ലക്ഷം കോടി രൂപയിലേറെ നഷ്ടം

MyFin Desk

Stock Market Bear
X

Summary

മുംബൈ: ആര്‍ബിഐ റിപ്പോ നിരക്ക് 40 ബിപിഎസ് ഉയര്‍ത്തിയതോടെ ഓഹരി വിപണിയില്‍ കനത്ത നഷ്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ് 1,306.96 പോയിന്റ് ഇടിഞ്ഞ് 55,669.03 ലേക്കും, നിഫ്റ്റി 391.50 പോയിന്റ് ഇടിഞ്ഞ് 16,677.60 ലേക്കും എത്തി. ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ടൈറ്റന്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്. മറുവശത്ത് പവര്‍ഗ്രിഡ്, കൊടക് മഹീന്ദ്ര ബാങ്ക്, എന്‍ടിപിസി, എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. "മോണിട്ടറി പോളിസി കമ്മിറ്റിയുടെ […]


മുംബൈ: ആര്‍ബിഐ റിപ്പോ നിരക്ക് 40 ബിപിഎസ് ഉയര്‍ത്തിയതോടെ ഓഹരി വിപണിയില്‍ കനത്ത നഷ്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ് 1,306.96 പോയിന്റ് ഇടിഞ്ഞ് 55,669.03 ലേക്കും, നിഫ്റ്റി 391.50 പോയിന്റ് ഇടിഞ്ഞ് 16,677.60 ലേക്കും എത്തി.

ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ടൈറ്റന്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്. മറുവശത്ത് പവര്‍ഗ്രിഡ്, കൊടക് മഹീന്ദ്ര ബാങ്ക്, എന്‍ടിപിസി, എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.

"മോണിട്ടറി പോളിസി കമ്മിറ്റിയുടെ തീരുമാനം അത്ഭുതപ്പെടുത്തുന്നതാണ്. കാരണം, എല്‍ഐസി ഐപിഒ ആരംഭിച്ച ദിവസത്തില്‍ തന്നെയാണ് ഇതുണ്ടായത്. പണപ്പെരുപ്പത്തെ നേരിടുന്ന കാര്യത്തില്‍ ഈ നീക്കം ശ്ലാഘനീയമാണ്. എന്നാല്‍, തീരുമാനമെടുത്ത സമയം ഉചിതമായോയെന്നറിയില്ല," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ട്രാറ്റജിക് അഡ്വൈസര്‍ വികെ വിജയകുമാര്‍ പറഞ്ഞു.

പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തുമെന്ന് കഴിഞ്ഞ പണനയ അവലോകന യോഗത്തില്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇന്ന് അപ്രതീക്ഷിതമായാണ് ആര്‍ബിഐ റിപ്പോ റേറ്റ് 40 ബേസിസ് പോയിന്റ് ഉയര്‍ത്തിയത്. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി ഉയര്‍ന്നു.
ഇത് വിപണിയില്‍ കനത്ത ഇടിവിനു കാരണമായി.

ബാങ്കിംഗ്, റിയല്‍റ്റി, ഊര്‍ജം, ഹെല്‍ത്ത് കെയര്‍, കാപിറ്റല്‍ ഗുഡ്‌സ്, എഫ്എംസിജി ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. ആര്‍ബിഐ സിആര്‍ആര്‍ (Cash Reserve Ratio) നിരക്കിലും അര ശതമാനം വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. സിആര്‍ആര്‍ നിരക്ക് ഉയര്‍ത്തിയത് വായ്പാ വിതരണത്തില്‍ കുറവ് വരുത്തും. കൂടാതെ, റിപ്പോ നിരക്ക് ഉയര്‍ത്തിയത് വായ്പാ പലിശ നിരക്കും ഉയര്‍ത്തും. വിപണിയിലെ ബാങ്കിംഗ്, റിയല്‍റ്റി ഓഹരികളുടെ ഇടിവിനുള്ള പ്രധാന കാരണം ഇതാണ്. പലിശ നിരക്ക് ഉയരുന്നതോടെ
വാഹന-ഭവന വായ്പകൾ ചെലവേറിയതാകും. ഇത് ഉപഭോക്താക്കളുടെ പ്രതിമാസ വായ്പാ തിരിച്ചടവിലും വര്‍ദ്ധനവുണ്ടാക്കും.