Summary
ആഗോള വിപണികളില്‍ ഒരു തിരിച്ചുവരവ് ഉണ്ടായെങ്കിലും ഇന്ത്യന്‍ വിപണി തുടര്‍ച്ചയായ ആറാം ദിവസവും നഷ്ടത്തില്‍ അവസാനിച്ചു. പ്രതീക്ഷിച്ചതില്‍ കവിഞ്ഞ പണപ്പെരുപ്പ നിരക്കിനോടുള്ള വിപണിയുടെ പ്രതികരണമായി ഇതിനെ കാണാം. സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ച്ചയോടെ ആരംഭിക്കുകയും വ്യാപാരത്തിന്റെ കൂടുതല്‍ സമയവും ലാഭത്തില്‍ തുടരുകയും ചെയ്‌തെങ്കിലും ഉയര്‍ന്ന തലത്തിലുള്ള ലാഭമെടുപ്പും, 'ബാര്‍ഗെയിന്‍ ഹണ്ടിംഗും' അവസാന ഘട്ടത്തില്‍ നഷ്ടത്തിലേക്ക് തള്ളി വിട്ടു. നിര്‍ണായക നിലയായ 16,000 നു മുകളിലേക്ക് ഉയര്‍ന്നെങ്കിലും നിഫ്റ്റി 25.85 പോയിന്റ് നഷ്ടത്തില്‍ 15,782.15 ലും സെന്‍സെക്‌സ് 136.69 പോയിന്റ് […]
ആഗോള വിപണികളില്‍ ഒരു തിരിച്ചുവരവ് ഉണ്ടായെങ്കിലും ഇന്ത്യന്‍ വിപണി തുടര്‍ച്ചയായ ആറാം ദിവസവും നഷ്ടത്തില്‍ അവസാനിച്ചു. പ്രതീക്ഷിച്ചതില്‍ കവിഞ്ഞ പണപ്പെരുപ്പ നിരക്കിനോടുള്ള വിപണിയുടെ പ്രതികരണമായി ഇതിനെ കാണാം. സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ച്ചയോടെ ആരംഭിക്കുകയും വ്യാപാരത്തിന്റെ കൂടുതല്‍ സമയവും ലാഭത്തില്‍ തുടരുകയും ചെയ്‌തെങ്കിലും ഉയര്‍ന്ന തലത്തിലുള്ള ലാഭമെടുപ്പും, 'ബാര്‍ഗെയിന്‍ ഹണ്ടിംഗും' അവസാന ഘട്ടത്തില്‍ നഷ്ടത്തിലേക്ക് തള്ളി വിട്ടു.
നിര്‍ണായക നിലയായ 16,000 നു മുകളിലേക്ക് ഉയര്‍ന്നെങ്കിലും നിഫ്റ്റി 25.85 പോയിന്റ് നഷ്ടത്തില്‍ 15,782.15 ലും സെന്‍സെക്‌സ് 136.69 പോയിന്റ് നഷ്ടത്തില്‍ 52,793.62 ലും അവസാനിച്ചു. ഓട്ടോമൊബൈല്‍ മേഖലയില്‍ നിന്നും മികച്ച പിന്തുണയാണ് വിപണിക്ക് ലഭിച്ചത്. ടാറ്റ മോട്ടേഴ്‌സിന്റെ പ്രതീക്ഷിച്ചിതലും മെച്ചപ്പെട്ട നാലാംപാദ ഫലങ്ങള്‍ മറ്റ് ഓട്ടോമൊബൈല്‍ ഓഹരികള്‍ക്കും ഡിമാന്‍ഡ് സൃഷ്ടിച്ചു. ടാറ്റ മോട്ടേഴ്‌സ് 8.5 ശതമാനവും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 3.03 ശതമാനവും ഉയര്‍ന്നു. ഹീറോ മോട്ടോകോര്‍പ്, ബജാജ് ഓട്ടോ, ഐഷര്‍ മോട്ടേഴ്‌സ് എന്നിവ ഒരു ശതമാനം വീതം ഉയര്‍ന്നു. നിഫ്റ്റിയിലെ ഓഹരികളില്‍ മികച്ച നേട്ടമാണ് ഇവയ്ക്കുണ്ടായത്.
എന്നാല്‍, ബാങ്കിംഗ് ഓഹരികളില്‍ കനത്ത വില്‍പ്പനയാണ് നടന്നത്. എസ്ബിഐയുടെ നാലാംപാദ ഫലങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. ബാങ്ക് 9113.5 കോടി രൂപയുടെ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. വിപണിയുടെ പ്രതീക്ഷ 9927.6 കോടി രൂപയായിരുന്നു. എസ്ബിഐയുടെ ഓഹരികള്‍ 4.79 ശതമാനം ഇടിഞ്ഞു. നിഫ്റ്റിയില്‍ ഏറ്റവും കനത്ത നഷ്ടമുണ്ടായത് ഈ ഓഹരിക്കാണ്. ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയും 2.79 ശതമാനവും, 2.10 ശതമാനവും ഇടിഞ്ഞു.
ഇന്ത്യയുടെ വോളട്ടിലിറ്റി ഇന്‍ഡെക്‌സ് 3.21 ശതമാനം ഉയര്‍ന്ന് 23.49 ആയി. ഇത് സൂചിപ്പിക്കുന്നത് വിപണിയില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന ആശങ്കകളാണ്. ബിഎസ്ഇയില്‍ വ്യാപാരത്തിനെത്തിയ ഓഹരികളില്‍ 2,162 എണ്ണം ലാഭത്തില്‍ അവസാനിച്ചു. എന്നാല്‍, 1178 ഓഹരികള്‍ നഷ്ടത്തിലായി.
5പൈസേ ഡോട്ട് കോമിന്റെ ലീഡ് റിസേര്‍ച്ച് രുചിത് ജയിന്‍ പറയുന്നു: "നിഫ്റ്റിയുടെ തൊട്ടടുത്ത പിന്തുണ ഇപ്പോള്‍ 15,670 നോടടുത്താണ്. അതിനു താഴെയായാല്‍ 15,450-15,500 ല്‍ പിന്തുണ ലഭിച്ചേക്കാം. പുള്‍ബാക്ക് നീക്കങ്ങളില്‍, 16,000 നടുത്ത് പ്രതിരോധം അനുഭവപ്പെട്ടു. വരുന്ന ആഴ്ച്ച 16,000-16,075 ന് മുകളില്‍ പോയാല്‍ മാത്രമേ വിലയുടെ അടിസ്ഥാനത്തിലുള്ള ഒരു പുള്‍ബാക്ക് റാലി സംഭവിക്കാനിടയുള്ളു. ചാര്‍ട്ട് ഘടനയില്‍ എന്തെങ്കിലും ഒരു മാറ്റം കാണുന്നതുവരെ വ്യാപാരികള്‍ ശ്രദ്ധാപൂര്‍വ്വം ഇടപാടുകള്‍ നടത്തണം."