Summary
ലോകമെമ്പാടും പണപ്പെരുപ്പം മൂലം പലിശനിരക്ക് ഉയരുന്നതു സാമ്പത്തിക ആഘാതത്തെക്കുറിച്ചുള്ള വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇതിന്റെ ഫലമായി ആഗോള ഓഹരികൾ പതിനെട്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ദലാൽ സ്ട്രീറ്റ് കരടികൾ പിടി മുറുക്കി. സെൻസെക്സും നിഫ്റ്റിയും തുടർച്ചയായി അഞ്ചാം ആഴ്ചയും യഥാക്രമം 3.72 ശതമാനവും 3.83 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഇത് കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ പ്രതിവാര നഷ്ടമാണ്. ചില ഓഹരികളുടെ ആകർഷകമായ വിലയും പ്രതീക്ഷിച്ചതിലും നല്ല ത്രൈമാസ ഫലങ്ങളും […]
ലോകമെമ്പാടും പണപ്പെരുപ്പം മൂലം പലിശനിരക്ക് ഉയരുന്നതു സാമ്പത്തിക ആഘാതത്തെക്കുറിച്ചുള്ള വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇതിന്റെ ഫലമായി ആഗോള ഓഹരികൾ പതിനെട്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ദലാൽ സ്ട്രീറ്റ് കരടികൾ പിടി മുറുക്കി. സെൻസെക്സും നിഫ്റ്റിയും തുടർച്ചയായി അഞ്ചാം ആഴ്ചയും യഥാക്രമം 3.72 ശതമാനവും 3.83 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഇത് കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ പ്രതിവാര നഷ്ടമാണ്.
ചില ഓഹരികളുടെ ആകർഷകമായ വിലയും പ്രതീക്ഷിച്ചതിലും നല്ല ത്രൈമാസ ഫലങ്ങളും വിപണിയിൽ ഇടവിട്ടുള്ള ഉയർച്ചക്ക് സഹായമായിട്ടുണ്ട്. ഇത് മുതലെടുത്ത നിക്ഷേപകർ ഓരോ അവസരങ്ങളിലും വിപണിയിൽ നിന്നും ലാഭം എടുക്കുകയും ചെയ്തു.
2021 ഒക്ടോബര് മുതൽ 16400-18400-ൽ വ്യാപാരം നടത്തിയിരുന്ന നിഫ്റ്റി, ഈയാഴ്ച അതിന്റെ നിർണായകമായ സപ്പോർട്ട് ലെവൽ ആയ 16400-16000 തകർത്തു താഴെ പോയി.
ഇന്ത്യയിലെ റീടൈൽ പണപ്പെരുപ്പം ഏപ്രിലിൽ 7.79 ശതമാനമായി വർധിച്ചു. 2014 മെയ് നു ശേഷം ഉള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. പണപ്പെരുപ്പം 7.50-ൽ നിൽക്കുമെന്നായിരുന്നു പൊതുവെയുള്ള ധാരണ.
ഇന്ത്യൻ രൂപയുടെ തുടർച്ചയായ ഇടിവ് ഡോളറിലുള്ള ഹോൾഡിംഗുകളുടെ മൂല്യത്തെ ഇല്ലാതാക്കുന്നതിനാൽ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) ഓഹരികൾ ധാരാളമായി വിറ്റഴിക്കുന്നതിനു കാരണമായി. ഇത് സമീപകാലത്തു വർദ്ധിച്ചുവരുന്ന നിക്ഷേപത്തെ സാരമായി ബാധിച്ചേക്കാം. രൂപയുടെ വില ഇടിയുന്നതോടൊപ്പം ഓഹരി വില കുറയുന്നതും വിദേശ നിക്ഷേപകർക്ക് ഇരട്ടി തിരിച്ചടിയാണ്.
സെൻസെക്സ് വാല്യൂ ഡോളർ വാല്യൂവിൽ നിർണയിക്കുന്ന ബിഎസ്ഇ ഡോള്ലെക്സ്-30 കഴിഞ്ഞ ആഴ്ചയിൽ മാത്രം 4 .6 ശതമാനം ആണ് ഇടിഞ്ഞത്. അതേസമയം സെൻസെക്സ് ഇതേ കാലയളവിൽ താഴ്ന്നത് 3.72 ശതമാനമാണ്. മെയ് ഇതുവരെ ബിഎസ്ഇ ഡോള്ലെക്സ്-30 ഇടിഞ്ഞത് 8.73 ശതമാനാണ്; എന്നാൽ ബിഎസ്ഇ ഇതേ കാലയളവിൽ 7.47 ശതമാനമാണ് ഇടിഞ്ഞിട്ടുള്ളത്. ലോകത്തിലെ മറ്റ് പ്രധാന കറൻസികളെ പിന്നിലാക്കി യുഎസ് കറൻസി ശക്തി പ്രാപിച്ചതോടെ കഴിഞ്ഞ ആഴ്ച ഇന്ത്യൻ രൂപ എക്കാലത്തെയും കുറഞ്ഞ വിലയയായ, ഒരു ഡോളറിനു 77.62 രൂപയായി.
മെയ് മാസത്തിൽ മാത്രം വിദേശ നിക്ഷേപകർ 25,612 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഇതോടെ 2022ൽ അവരുടെ മൊത്ത വില്പന 1,52,378 കോടി രൂപയായി.
ആഗോളതലത്തിൽ, യുഎസ് വിപണി ആഴ്ചയിലെ അവസാന ട്രേഡിങ്ങ് സെഷനിൽ ശക്തമായി തിരിച്ചു വരവ് നടത്തി.
സാൻഫ്രാൻസിസ്കോയിലെ ഫെഡറൽ റിസേർവ് ബാങ്ക് പ്രസിഡന്റ് മേരിഡാലി നടത്തിയ വാർത്ത സമ്മേളനത്തിന് പിന്നാലെയാണ് വിപണി ഉയർന്നത്. നിരക്കിൽ 75 ബേസിസ്പോയിന്റ് കൂട്ടുന്നത് പ്രാഥമിക പരിഗണയിൽ ഇല്ലെന്നും യു എസ് സമ്പദ് വ്യവസ്ഥ സാമ്പത്തിക മാന്ദ്യം നേരിടുന്നതിന് ശക്തരാണെന്നും വാർത്ത സമ്മേളനത്തിൽ മറിയ ഡാലി അറിയിച്ചു.
യുഎസിലെ വാർഷിക പണപ്പെരുപ്പം മാർച്ചിൽ 41 വർഷത്തെ ഏറ്റവും വലിയ നിരക്കായ 8.5 ശതമാനമായിരുന്നു. എന്നാൽ ഇത് ഏപ്രിലിൽ 8.1 ശതമാനമായി കുറഞ്ഞു. വിപണിയിലെ പ്രവചനം 8.1 ശതമാനമായിരുന്നു. ആഴ്ചയുടെ പകുതിയോടെ നടത്തിയ ഈ വെളിപ്പെടുത്തൽ ആഗോളതലത്തിൽ വില്പനക്ക് ആക്കം കൂട്ടി.
ആഭ്യന്തര വിപണിയിൽ, ആഴ്ചാവസാനത്തോട് കൂടി ചില ഓഹരികൾ പോസിറ്റീവ് ആയതിനെ തുടർന്ന് ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് വിപണിയിൽ ലോങ്ങ് പൊസിഷനുകൾ (ബുള്ളിഷ് പൊസിഷൻ ) എടുത്തു. ആർബിഎൽ ബാങ്ക്, സൺ ഫർമാ, ടാറ്റ മോട്ടോർസ്, ഐടിസി, എം &എം ,ഡാബർ, പവർഗ്രിഡ്, കോട്ടക് ബാങ്ക് എന്നി ഓഹരികളുടെ എല്ലാം വില വർധിച്ചു. ഇവയുടെ എല്ലാം ഓപ്പൺ ഇന്ററെസ്റ് പൊസിഷനും വർധിച്ചതിനാൽ വരും ദിവസങ്ങളിൽ ഈ ഓഹരികളുടെ വിലയിൽ ഒരു ലോങ്ങ് ബുള്ളിഷ് പൊസിഷൻ പ്രതീക്ഷിക്കാം.
എന്നാൽ വരും ദിവസങ്ങളിൽ എൻടിപിസി, എസ്ബിഐ , ബാങ്ക് ഓഫ് ബറോഡ, ഓഎൻജിസി , ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ , ജെഎസ് ഡബ്ല്യൂ സ്റ്റീൽ എന്നിവയെല്ലാം ഫ്യൂച്ചേഴ്‌സ് മാർക്കെറ്റിൽ ഷോർട് പൊസിഷനുകൾ (ബെയറിഷ് പൊസിഷൻ ) ആണ് സൂചിപ്പിക്കുന്നത്.