15 Jun 2022 12:45 PM IST
വിപണി നേരിയ നഷ്ടത്തിൽ; സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് ഓഹരികള്‍ നേട്ടമുണ്ടാക്കി
Bijith R
Summary
ഓഹരി വിപണി ഇന്ന് വളരെ ചുരുങ്ങിയ റേഞ്ചില്‍ വ്യാപാരം നടത്തുകയും, നേരിയ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. ഇന്ന് രാത്രിയോടെ പുറത്തു വരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസര്‍വിന്റെ പണനയ അവലോകന മീറ്റിംഗ് തീരുമാനത്തിനായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ലാര്‍ജ് കാപ് ഓഹരികള്‍ സമ്മിശ്ര പ്രവണത കാണിച്ചപ്പോള്‍, മിഡ് ക്യാപ്-സ്‌മോള്‍ ക്യാപ് ഓഹരികള്‍ വിലയിടിവില്‍ പുതിയ വാങ്ങലുകള്‍ക്ക് വിധേയമായി. ഇതിലൂടെ അവ ചെറിയ തോതില്‍ തിരിച്ചുവരവ് കാണിച്ചു. സെന്‍സെക്‌സ് 152.18 പോയിന്റ് (0.29 ശതമാനം) താഴ്ന്ന് 52,541.39 ലും, നിഫ്റ്റി […]
ഓഹരി വിപണി ഇന്ന് വളരെ ചുരുങ്ങിയ റേഞ്ചില്‍ വ്യാപാരം നടത്തുകയും, നേരിയ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. ഇന്ന് രാത്രിയോടെ പുറത്തു വരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസര്‍വിന്റെ പണനയ അവലോകന മീറ്റിംഗ് തീരുമാനത്തിനായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍.
ലാര്‍ജ് കാപ് ഓഹരികള്‍ സമ്മിശ്ര പ്രവണത കാണിച്ചപ്പോള്‍, മിഡ് ക്യാപ്-സ്‌മോള്‍ ക്യാപ് ഓഹരികള്‍ വിലയിടിവില്‍ പുതിയ വാങ്ങലുകള്‍ക്ക് വിധേയമായി. ഇതിലൂടെ അവ ചെറിയ തോതില്‍ തിരിച്ചുവരവ് കാണിച്ചു.
സെന്‍സെക്‌സ് 152.18 പോയിന്റ് (0.29 ശതമാനം) താഴ്ന്ന് 52,541.39 ലും, നിഫ്റ്റി 39.95 പോയിന്റ് (0.25 ശതമാനം) ഇടിഞ്ഞ് 15,692.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ യിലെ സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് സൂചികകള്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയും, യഥാക്രമം 0.49 ശതമാനവും, 0.52 ശതമാനവും നേട്ടമുണ്ടാക്കുയും ചെയ്തു. ഇത് ബിഎസ്ഇ യില്‍ വ്യാപാരത്തിനെത്തിയ ഓഹരികളില്‍ 1,772 എണ്ണം നേട്ടത്തില്‍ ക്ലോസ് ചെയ്യാന്‍ സഹായിച്ചു. എന്നാല്‍ 1,524 ഓഹരികള്‍ നഷ്ടത്തിലായി.
സെന്‍സെക്‌സിലെ പ്രമുഖ ഓഹരികളില്‍ 13 എണ്ണം മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഇതില്‍ ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികള്‍ യഥാക്രമം 4.24 ശതമാനവും, 2.04 ശതമാനവും നേട്ടമുണ്ടാക്കി. മറുവശത്ത്, എന്‍ടിപിസി 2.02 ശതമാനം ഇടിഞ്ഞു. ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, വിപ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് എന്നീ ഓഹരികളും ഒരു ശതമാനം വീതം നഷ്ടം നേരിട്ടു.
ക്വാണ്ടം അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഇക്വിറ്റി ഫണ്ട് മാനേജര്‍ സോര്‍ഭ് ഗുപ്ത പറയുന്നു: "കഴിഞ്ഞ രണ്ടു-മൂന്നു വര്‍ഷമായി ഇക്വിറ്റി നിക്ഷേപകര്‍ കൂടുതലും പോസിറ്റീവായ നേട്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. എപ്പോഴൊക്കെ വിലയിടിവുണ്ടായോ, അതിനുശേഷം വേഗത്തില്‍ തിരിച്ചുവരവും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ചാഞ്ചാട്ടം നിക്ഷേപകരുടെ ക്ഷമയെ പരീക്ഷിക്കുന്നതാണ്. പുതു തലമുറ നിക്ഷേപകര്‍ അവരുടെ പ്രതീക്ഷകളെ പുനക്രമീകരിക്കേണ്ടതുണ്ട്. ഇക്വിറ്റികളിലെ നിക്ഷേപം ഒരു ദീര്‍ഘകാല പദ്ധതിയാണെന്ന് അവര്‍ മനസിലാക്കണം."
ഓഹരികളില്‍ നിക്ഷേപിക്കുമ്പോള്‍ ചുരുങ്ങിയത് മൂന്നു വര്‍ഷ കാലയളവിലേക്കുള്ള ഒരു കാഴ്ച്ചപ്പാട് ഉണ്ടായിരിക്കണം, ഗുപ്ത പറഞ്ഞു. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളോടു കൂടിയായിരിക്കണം ആസ്തികള്‍ തെരഞ്ഞെടുക്കുന്നതും, നിക്ഷേപിക്കുന്നതും. വിപണികളിലെ ഹ്രസ്വകാല ചാഞ്ചാട്ടങ്ങള്‍ ഓഹരി നിക്ഷേപം ക്രമാനുഗതമായി വര്‍ദ്ധിപ്പിക്കുവാനാണ് ഉപയോഗിക്കേണ്ടതെന്നും ഗുപ്ത കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വോളട്ടലിറ്റി ഇന്‍ഡെക്‌സ് എന്‍എസ്ഇ യിൽ 1.18 ശതമാനം ഉയര്‍ന്ന് 22.15 ലെത്തി. ഇത് സൂചിപ്പിക്കുന്നത് വിപണിയില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന അനിശ്ചിതത്വമാണ്.