image

1 July 2022 2:11 PM IST

Stock Market Updates

ഊർജ ഓഹരികളിലെ ഇടിവ് വിപണിയെ നഷ്ടത്തിലാഴ്ത്തി

Bijith R

ഊർജ ഓഹരികളിലെ ഇടിവ് വിപണിയെ നഷ്ടത്തിലാഴ്ത്തി
X

Summary

ആഴ്ചയുടെ അവസാന ദിനവും ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു. പെട്രോൾ, ഡീസൽ, ജെറ്റ് ഇന്ധനം (എടിഎഫ്) എന്നിവയുടെ കയറ്റുമതിക്ക് സർക്കാർ നികുതി ഏർപ്പെടുത്തിയതിന് ശേഷം വിപണിയിലെ മുൻനിര ഓഹരിയായ റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പടെയുള്ള ഊർജ്ജ ഓഹരികളിലെ ഇടിവ് ഇതിനു കാരണമായി. എഫ്എംസിജി, ധനകാര്യ, ടെക്നോളജി ഓഹരികളിലുണ്ടായ നേട്ടം വിപണിയെ ഒരു പരിധി വരെ മുകളിലേക്ക് നയിച്ചെങ്കിലും ഊർജ ഓഹരികളിലുണ്ടായ തകർച്ച ആ നേട്ടത്തെ പിന്നോട്ടടിച്ചു. വ്യാപാരത്തിനിടയിൽ, സെൻസെക്സ് 924.69 പോയിന്റ് (1.74 ശതമാനം) വരെ ഇടിഞ്ഞ് 52,094.25 […]


ആഴ്ചയുടെ അവസാന ദിനവും ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു. പെട്രോൾ, ഡീസൽ, ജെറ്റ് ഇന്ധനം (എടിഎഫ്) എന്നിവയുടെ കയറ്റുമതിക്ക് സർക്കാർ നികുതി ഏർപ്പെടുത്തിയതിന് ശേഷം വിപണിയിലെ മുൻനിര ഓഹരിയായ റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പടെയുള്ള ഊർജ്ജ ഓഹരികളിലെ ഇടിവ് ഇതിനു കാരണമായി. എഫ്എംസിജി, ധനകാര്യ, ടെക്നോളജി ഓഹരികളിലുണ്ടായ നേട്ടം വിപണിയെ ഒരു പരിധി വരെ മുകളിലേക്ക് നയിച്ചെങ്കിലും ഊർജ ഓഹരികളിലുണ്ടായ തകർച്ച ആ നേട്ടത്തെ പിന്നോട്ടടിച്ചു.

വ്യാപാരത്തിനിടയിൽ, സെൻസെക്സ് 924.69 പോയിന്റ് (1.74 ശതമാനം) വരെ ഇടിഞ്ഞ് 52,094.25 ൽ എത്തിയിരുന്നു. നിഫ്റ്റിയും 269.2 പോയിന്റ് (1.70 ശതമാനം) ഇടിഞ്ഞ് 15,511.05 ൽ എത്തി. റിലയൻസ് ഇൻഡസ്ട്രീസി​ന്റെ ഓഹരികൾ 9 ശതമാനത്തോളം ഇടിഞ്ഞതാണ് വിപണിയെ ഈ നിലയിലേക്ക് എത്തിച്ചത്. ഇന്ന്, 2,365 രൂപ വരെ താഴ്ന്ന ഓഹരി 7.14 ശതമാനം ഇടിവിൽ (185.10 രൂപ നഷ്ടത്തിൽ) 2,408.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്എംസിജി ഓഹരികളായ ഐടിസി (3.99 ശതമാനം), എച്ച് യു എൽ (2.34 ശതമാനം), ധനകാര്യ ഓഹരികളായ ബജാജ് ഫിനാൻസ് (3.97 ശതമാനം), ബജാജ് ഫിൻസേർവ് (3.63 ശതമാനം) എന്നിവ നേട്ടമുണ്ടാക്കിയത് നിഫ്റ്റിയിലുണ്ടായ നഷ്ടത്തെ ഒരു പരിധി വരെ തിരിച്ചു പിടിക്കാൻ സഹായിച്ചു.

സെൻസെക്സ് 111.01 പോയിന്റ് താഴ്ന്ന് (0.21 ശതമാനം) 52,907.93 ത്തിൽ അവസാനിച്ചപ്പോൾ, നിഫ്റ്റി 28.20 പോയിന്റ് (0.18 ശതമാനം) താഴ്ന്ന് 15,752.05 ലും ക്ലോസ് ചെയ്തു. ബിഎസ് ഇ ഊർജ്ജ സൂചികയിലെ ഓഹരികൾക്കാണ് ഏറ്റവുമധികം നഷ്ടമുണ്ടായത്. ഇത് 3.99 ശതമാനമാണ് ഇടിഞ്ഞത്. ഒഎൻജിസിയുടെ ഓഹരികൾ 13.40 ശതമാനം നഷ്ടത്തിലായപ്പോൾ, ഓയിൽ ഇന്ത്യ 15.07 ശതമാനവും, എംആർഒഎൽ 9.99 ശതമാനവും നഷ്ടത്തിലായി. ഗവണ്മെന്റ് ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെയും, പെട്രോളിന്റെയും കയറ്റുമതിയിൽ ലിറ്ററിന് 6 രൂപയും, ഡീസലിന്റെ കയറ്റുമതിയിൽ 13 രൂപയും നികുതി ചുമത്തി. കൂടാതെ ആഭ്യന്തര ക്രൂഡ് ഉത്പാദകരുടെ അപ്രതീക്ഷിത ലാഭത്തിൽ കുറവുണ്ടാകത്തക്ക വിധം ഒരു ടൺ ക്രൂഡ് ഓയിലിന്റെ മേൽ 23,230 രൂപ നികുതിയും ഏർപ്പെടുത്തി.

കഴിഞ്ഞ ഒമ്പതു മാസങ്ങളായി മന്ദഗതിയിൽ വളരുന്ന ഇന്ത്യയുടെ ഫാക്ടറി ഔട്ട്പുട്ടും, റേറ്റിംഗ് ഏജൻസിയായ ക്രിസിൽ നടത്തിയ ഇന്ത്യയുടെ താഴ്ന്ന ജിഡിപി പ്രവചനവും നിക്ഷേപക പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ചു. ക്രിസിൽ, 2023 സാമ്പത്തിക വർഷത്തെ ജിഡിപി പ്രവചനം 7.8 ശതമാനത്തിൽ നിന്നും 7.3 ശതമാനമാക്കി കുറച്ചിരുന്നു.

"ഇന്ത്യൻ കയറ്റുമതിയിൽ ആഗോളതലത്തിൽ താല്പര്യം കുറയുന്നതും, ഉയർന്ന പണപ്പെരുപ്പവും സമ്പദ് ഘടനയിലെ പ്രധാന പ്രശ്നങ്ങളാണ്. പണപ്പെരുപ്പം ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയിൽ (purchasing power) കുറവുണ്ടാക്കും. ഉപഭോഗ വളർച്ചയെ (consumption growth) ഇത് തടസ്സപ്പെടുത്തും. ഇത് ജിഡിപിയിലെ സുപ്രധാന ഘടകങ്ങളിൽ ഒന്നാണ്. എന്നിരുന്നാലും, സാധാരണ നിലയിലുള്ള കാലവർഷവും, സമ്പർക്ക കേന്ദ്രീകൃതമായ സേവനങ്ങളിലും ഉത്പാദനത്തിലുമുള്ള ഉണർവ്വും സമ്പദ് ഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു," ക്രിസിൽ പറഞ്ഞൂ.

വിപണിയിൽ ഇന്നു വ്യാപാരത്തിനെത്തിയ ഓഹരികളിൽ 1,738 എണ്ണം ലാഭത്തിലായാപ്പോൾ 1,546 എണ്ണം നഷ്ടത്തിലായി.