image

12 July 2022 2:15 PM IST

Stock Market Updates

പണപ്പെരുപ്പക്കണക്കുകൾ വരും മുമ്പേ വിപണി നഷ്ടത്തിൽ അവസാനിച്ചു

Bijith R

പണപ്പെരുപ്പക്കണക്കുകൾ വരും മുമ്പേ വിപണി നഷ്ടത്തിൽ അവസാനിച്ചു
X

Summary

തുടർച്ചയായ രണ്ടാം ദിവസവും വിപണി നഷ്ടത്തിൽ അവസാനിച്ചു. ജൂണിലെ റീട്ടെയിൽ പണപ്പെരുപ്പ കണക്കുകളും, മെയ് മാസത്തിലെ വ്യാവസായിക ഉത്പാദന കണക്കുകളും വരാനിരിക്കെ നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയത് വിപണി ഇടിയുന്നതിനു കാരണമായി. ഷാങ്ങ്ഹായിൽ പുതിയ കോവിഡ് കേസുകൾ വർധിച്ചത്, വീണ്ടുമൊരു ലോക്ക് ഡൗണിന് കാരണമാകുമെന്ന ഭീതി ഉയർന്നതിനാൽ ആഗോള ഓഹരി വിപണികളെല്ലാം ദുർബ്ബലമായി. ഇത് ആഭ്യന്തര വിപണിയെയും പ്രതികൂലമായി ബാധിച്ചു. കൂടാതെ, യു എസ്സിലെ പ്രതീക്ഷിച്ചതിനേക്കാൾ ശക്തമായ തൊഴിൽ കണക്കുകൾ, ഫെഡറൽ റിസർവ് പണനയം കൂടുതൽ കടുപ്പിക്കുമെന്ന ആശങ്ക […]


തുടർച്ചയായ രണ്ടാം ദിവസവും വിപണി നഷ്ടത്തിൽ അവസാനിച്ചു. ജൂണിലെ റീട്ടെയിൽ പണപ്പെരുപ്പ കണക്കുകളും, മെയ് മാസത്തിലെ വ്യാവസായിക ഉത്പാദന കണക്കുകളും വരാനിരിക്കെ നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയത് വിപണി ഇടിയുന്നതിനു കാരണമായി. ഷാങ്ങ്ഹായിൽ പുതിയ കോവിഡ് കേസുകൾ വർധിച്ചത്, വീണ്ടുമൊരു ലോക്ക് ഡൗണിന് കാരണമാകുമെന്ന ഭീതി ഉയർന്നതിനാൽ ആഗോള ഓഹരി വിപണികളെല്ലാം ദുർബ്ബലമായി. ഇത് ആഭ്യന്തര വിപണിയെയും പ്രതികൂലമായി ബാധിച്ചു. കൂടാതെ, യു എസ്സിലെ പ്രതീക്ഷിച്ചതിനേക്കാൾ ശക്തമായ തൊഴിൽ കണക്കുകൾ, ഫെഡറൽ റിസർവ് പണനയം കൂടുതൽ കടുപ്പിക്കുമെന്ന ആശങ്ക വർധിപ്പിച്ചതും മറ്റൊരു കാരണമായി.

സെൻസെക്സ് 508.62 പോയിന്റ് (0.94 ശതമാനം) താഴ്ന്ന് 53,886.61 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 157.70 (0.97 ശതമാനം) താഴ്ന്നു 16,058.30 ലും ക്ലോസ് ചെയ്തു. എച്ച്സിഎൽ ടെക്നോളജീസിന്റെ ജൂൺ പാദ ഫലങ്ങൾ വരുന്നതിനു മുന്നോടിയായി ഐടി മേഖലയിൽ രണ്ടാം ദിവസവും നഷ്ടം തുടർന്നു. ടിസിഎസ്സിന്റെ പ്രതീക്ഷിച്ചതിലും താഴ്ന്ന ജൂൺ പാദ ഫലം മൂലം തിങ്കളാഴ്ച ഐടി ഓഹരികളിൽ വൻ വില്പന സമ്മർദ്ദം നേരിട്ടിരുന്നു. സെൻസെക്സിലെ പ്രധാന ഓഹരികളിലൊന്നായ ഇൻഫോസിസ് ആണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്. ഈ ഓഹരി 2.33 ശതമാനം ഇടിഞ്ഞു. എച്ച്സിഎൽ ടെക് 1.63 ശതമാനവും, ടിസിഎസ് 0.92 ശതമാനവും, വിപ്രോ 0.52 ശതമാനവും നഷ്ടം നേരിട്ടു.

എഫ്എംസിജി, ഓട്ടോമൊബൈൽ, മെറ്റൽ ഓഹരികളും വൻ തോതിലുള്ള ലാഭമെടുപ്പിനു വിധേയമായി. നെസ്‌ലെ, എച്ച് യു എൽ, എം ആൻഡ് എം, മാരുതി, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ ഒരു ശതമാനത്തിലേറെ നഷ്ടം നേരിട്ടു. വിപണിയിൽ ഇന്ന് വ്യാപാരത്തിനെത്തിയ ഓഹരികളിൽ 1,826 എണ്ണം നഷ്ടത്തിലായപ്പോൾ, 1,472 എണ്ണം ലാഭത്തിൽ അവസാനിച്ചു.

ഏഷ്യൻ വിപണികളിൽ, തായ്വാൻ വെയ്റ്റഡ്, നിക്കി 225, ഹാങ്ങ് സെങ് എന്നിവ യഥാക്രമം 2.72 ശതമാനവും, 1.77 ശതമാനവും, 1.32 ശതമാനവും നഷ്ടം നേരിട്ടു. പുതിയ കോവിഡ് കേസുകളിലെ വർദ്ധനവ് വീണ്ടുമൊരു ലോക്ക് ഡൗണിലേക്ക് പോകുമെന്ന ആശങ്ക ഉയർത്തിയത് കോസ്‌പിയും, ഷാങ്ങ്ഹായ് കോംപോസിറ്റും ഒരു ശതമാനത്തോളം ഇടിയുന്നതിനു കാരണമായി. ഇത് ചൈനയുടെ സമ്പദ് വ്യവസ്ഥ തിരിച്ചു വരുന്നതിനു കാലതാമസമുണ്ടാക്കും.

“താഴ്ന്ന നിലയിൽ നിന്നും ഏകദേശം ഏഴു ശതമാനത്തോളം തിരിച്ചുവന്ന വിപണി, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വീണ്ടും ദുർബ്ബലമായിരിക്കുകയാണ്. ഇന്നു വരാനിരിക്കുന്ന ഉപഭോക്‌തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള (സിപിഐ) പണപ്പെരുപ്പ കണക്കുകളും, വ്യാവസായിക ഉത്പാദന (ഐഐപി) കണക്കുകളും, ബുധനാഴ്ച വരാനിരിക്കുന്ന അമേരിക്കയിലെ സിപിഐ കണക്കുകളും മൂലം വിപണിയിൽ ഉയർന്ന തലത്തിൽ വലിയ വില്പനയാണ് ഉണ്ടായത്. കേന്ദ്ര ബാങ്കുകൾക്ക് ഈ കണക്കുകൾ കൃത്യമായ ദിശാബോധം നൽകും. ഇതിനു പുറമെ, ബുധനാഴ്ച യുകെയുടെ ജിഡിപി കണക്കുകളും, നിർമാണ കണക്കുകളും, വെള്ളിയാഴ്ച ചൈനയുടെ ജിഡിപി കണക്കുകളും പുറത്തു വരും. രണ്ടാമതായി, കമ്പനികളുടെ വരുമാന സീസൺ ആരംഭിച്ചതിനാൽ, വിപണി അവയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്," മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവ്വീസസിന്റെ റീട്ടെയിൽ റിസർച്ച് ഹെഡ് സിദ്ധാർത്ഥ ഖേംക പറഞ്ഞു. യൂറോപ്പിലെ ഊർജ്ജ പ്രതിസന്ധിയും വിപണിയിൽ വലിയ ആഘാതമുണ്ടാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.