7 Nov 2022 11:13 AM IST
ഓട്ടോ, എനര്‍ജി ഓഹരികളിലെ നിക്ഷേപം ഉയര്‍ന്നു, 61,185 ലേക്ക് സെന്‍സെക്സ്
MyFin Desk
Summary
മുംബൈ: ആഗോള വിപണികളിലെ പ്രവണതകളും, ഓട്ടോ, എനര്‍ജി, മെറ്റല്‍ ഓഹരികളിലെ നിക്ഷേപം മെച്ചപ്പെട്ടതിന്റെയും പിന്‍ബലത്തില്‍ വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതും, വിദേശ നിക്ഷേപകര്‍ ആഭ്യന്തര ഓഹരികളില്‍ നിക്ഷേപം തുടരുന്നതും വിപണിക്ക് നേട്ടമായി. രാവിലെ നേട്ടത്തില്‍ ആരംഭിച്ചെങ്കിലും വലിയ തോതിലുള്ള ചാഞ്ചാട്ടങ്ങള്‍ക്കൊടുവിലാണ് സെന്‍സെക്സ് 234.79 പോയിന്റ് ഉയര്‍ന്ന് 61,185.15 ലും, നിഫ്റ്റി 85.65 പോയിന്റ് നേട്ടത്തോടെ 18,202.80 ലും ക്ലോസ് ചെയ്തത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 61,401.54 എന്ന ഉയര്‍ന്ന […]
മുംബൈ: ആഗോള വിപണികളിലെ പ്രവണതകളും, ഓട്ടോ, എനര്‍ജി, മെറ്റല്‍ ഓഹരികളിലെ നിക്ഷേപം മെച്ചപ്പെട്ടതിന്റെയും പിന്‍ബലത്തില്‍ വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതും, വിദേശ നിക്ഷേപകര്‍ ആഭ്യന്തര ഓഹരികളില്‍ നിക്ഷേപം തുടരുന്നതും വിപണിക്ക് നേട്ടമായി. രാവിലെ നേട്ടത്തില്‍ ആരംഭിച്ചെങ്കിലും വലിയ തോതിലുള്ള ചാഞ്ചാട്ടങ്ങള്‍ക്കൊടുവിലാണ് സെന്‍സെക്സ് 234.79 പോയിന്റ് ഉയര്‍ന്ന് 61,185.15 ലും, നിഫ്റ്റി 85.65 പോയിന്റ് നേട്ടത്തോടെ 18,202.80 ലും ക്ലോസ് ചെയ്തത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 61,401.54 എന്ന ഉയര്‍ന്ന നിലയിലേക്കും, 60,714.36 പോയിന്റ് എന്ന താഴ്ന്ന നിലയിലേക്കും എത്തിയിരുന്നു.
എസ്ബിഐയാണ് നേട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നില്‍. ഇത് 3.44 ശതമാനം ഉയര്‍ന്നു. ടാറ്റ സ്റ്റീല്‍, അള്‍ട്രടെക് സിമെന്റ്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, പവര്‍ഗ്രിഡ് എന്നീ ഓഹരികളും നേട്ടത്തിലായിരുന്നു. ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സെര്‍വ്, സണ്‍ഫാര്‍മ, ടൈറ്റന്‍ എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്. ഇവ 2.37 ശതമാനത്തോളം താഴ്ന്നു. വിപണിയുടെ ഈ മുന്നേറ്റം ബുള്ളുകള്‍ക്ക് അനുകൂലമാണ്. സെന്‍സെക്സില്‍ ഇന്ന് വ്യാപാരത്തിനെത്തിയ 30 കമ്പനികളില്‍ 18 എണ്ണവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യന്‍ വിപണികളായ ഷാങ്ഹായ്, ടോക്കിയോ, ഹോങ്കോംഗ്, സിയോള്‍ എന്നിവയും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്പിലെ വിപണികള്‍ മിഡ് സെഷന്‍ വ്യാപാരത്തില്‍ പോസിറ്റീവായാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വിലബാരലിന് 0.19 ശതമാനം താഴ്ന്ന് 98.38 ഡോളറിലെത്തി. രൂപയുടെ മൂല്യം ഡോളറിനെതിരെ 45 പൈസ ഉയര്‍ന്ന് 81.90 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച്ച 1,436.25 കോടി രൂപ വിലയുള്ള ഓഹരികളില്‍ നിക്ഷേപം നടത്തി.