image

21 Jun 2023 4:59 PM IST

Technology

ഇന്ത്യയില്‍ 5ജിക്ക് ശരവേഗം; 2028-ല്‍ യൂസര്‍മാരുടെ എണ്ണം 700 മില്യന്‍ തൊടും

Antony Shelin

5g india users
X

Summary

  • 5ജി സബ്‌സ്‌ക്രിപ്ഷന്‍ 700 ദശലക്ഷത്തിലെത്തും. ഇത് മൊത്തത്തിലുള്ള മൊബൈല്‍ സബ്‌സ്‌ക്രിപ്ഷനുകളുടെ 57 ശതമാനം വരും
  • 240 കമ്മ്യൂണിക്കേഷന്‍സ് സര്‍വീസ് പ്രൊവൈഡേഴ്‌സ് വാണിജ്യതലത്തില്‍ 5ജി സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്
  • നവംബറില്‍ എറിക്‌സന്‍ റിപ്പോര്‍ട്ട് പ്രവചിച്ചത് 2028-ല്‍ 5ജി സബ്‌സ്‌ക്രിപ്ഷന്‍ 690 ദശലക്ഷത്തിലെത്തുമെന്നായിരുന്നു


ഇന്ത്യയില്‍ 5ജി യൂസര്‍മാരുടെ എണ്ണം 2028-ല്‍ 700 മില്യനിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 2022 അവസാനത്തോടെ 5ജി സബ്‌സ്‌ക്രിപ്ഷന്‍ 10 മില്യനിലെത്തി.

സ്വീഡിഷ് ടെലകോം ഗിയര്‍ നിര്‍മാതാക്കളായ എറിക്‌സന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

എറിക്‌സന്‍ മൊബിലിറ്റി റിപ്പോര്‍ട്ടിന്റെ ജൂണ്‍ 2023 പതിപ്പ് പ്രകാരം, 2028 അവസാനത്തോടെ, ഇന്ത്യയില്‍ 5ജി സബ്‌സ്‌ക്രിപ്ഷന്‍ 700 ദശലക്ഷത്തിലെത്തുമെന്നാണ്. ഇത്

മൊത്തത്തിലുള്ള മൊബൈല്‍ സബ്‌സ്‌ക്രിപ്ഷനുകളുടെ 57 ശതമാനം വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

മുന്‍വര്‍ഷം നവംബറില്‍ എറിക്‌സന്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രവചിച്ചത് 2028-ല്‍ 5ജി സബ്‌സ്‌ക്രിപ്ഷന്‍ 690 ദശലക്ഷത്തിലെത്തുമെന്നായിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം എറിക്‌സന്‍ 700 ദശലക്ഷമെന്ന് പുതുക്കുകയും ചെയ്തു.

ആഗോളതലത്തില്‍ എല്ലാ പ്രദേശങ്ങളിലും 5ജി സബ്‌സ്‌ക്രിപ്ഷനുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2023 അവസാനത്തോടെ ഇത് 1.5 ബില്യനിലെത്തുമെന്നും പ്രവചിക്കുന്നുണ്ട്.

നിലവില്‍, ഇന്ത്യയിലെ മുന്‍നിര ടെലകോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും യഥാക്രമം അവരുടെ 5G സ്റ്റാന്‍ഡലോണ്‍ (SA), 5G നോണ്‍-സ്റ്റാന്‍ഡലോണ്‍ (NSA) നെറ്റ്വര്‍ക്കുകള്‍ വിന്യസിക്കുന്നുണ്ട്.

ആഗോളതലത്തില്‍ ഏകദേശം 240 കമ്മ്യൂണിക്കേഷന്‍സ് സര്‍വീസ് പ്രൊവൈഡേഴ്‌സ് വാണിജ്യതലത്തില്‍ 5ജി സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഓരോ സ്മാര്‍ട്ട്‌ഫോണിലും ശരാശരി ഡാറ്റാ ട്രാഫിക് ഏകദേശം ഇരട്ടി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത് 2022-ല്‍ പ്രതിമാസം 26ജിബിയില്‍ നിന്ന് 2028-ല്‍ പ്രതിമാസം 62ജിബി ആയി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ സബ്‌സ്‌ക്രിപ്ഷനുകള്‍, കഴിഞ്ഞ വര്‍ഷത്തെ 76 ശതമാനത്തില്‍ നിന്ന് 2028-ല്‍ 93 ശതമാനമായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ മൊബൈല്‍ ഡാറ്റ ട്രാഫിക് 2022-ലെ പ്രതിമാസ 18 എക്‌സാബൈറ്റില്‍ നിന്ന് 2028-ലെത്തുമ്പോള്‍ പ്രതിമാസം 58 എക്‌സാബൈറ്റായി വളരുമെന്നും കണക്കാക്കപ്പെടുന്നു.

രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ വളര്‍ച്ചയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ ചില പ്രവചനങ്ങള്‍ ഉണ്ട്. 2028-ല്‍ രാജ്യത്തെ മൊത്തം മൊബൈല്‍ സബ്സ്‌ക്രിപ്ഷനുകള്‍ 1.2 ബില്യനായി വളരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 5ജിയുടെ വരവോടെ ഇന്ത്യയുടെ ഡിജിറ്റല്‍ രംഗം കൂടുതല്‍ മുന്നേറ്റം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4ജിയേക്കാള്‍ 5 മുതല്‍ 10 മടങ്ങ് വരെ 5ജി ഡാറ്റ വേഗത്തിലായിരിക്കും. ഇക്കാര്യം കണക്കിലെടുക്കുമ്പോള്‍ അതിശയകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.