28 Aug 2025 9:02 AM IST
Summary
വാര്‍ഷിക ഉല്‍പ്പാദന ശേഷി 60 ദശലക്ഷം യൂണിറ്റായി ഉയര്‍ത്തും
രാജ്യത്ത് ഐഫോണ്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് ആപ്പിള്‍. ഉത്സവസീസണിലെ ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും മുന്‍നിര്‍ത്തിയാണ് ഈ നടപടി. ടാറ്റയും ഫോക്സ്‌കോണും സ്ഥാപിച്ച പുതിയ സൗകര്യങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പ്രധാന ഫാക്ടറികളിലായി നാല് ഐഫോണ്‍ 17 മോഡലുകളുടെയും നിര്‍മ്മാണം കമ്പനി ആരംഭിച്ചു.
ചൈനയില്‍ മാത്രം നിര്‍മ്മിച്ചിരുന്ന പ്രോ വേരിയന്റുകള്‍ ഉള്‍പ്പെടെ നാല് മോഡലുകളും ഇന്ത്യയില്‍ ഉത്പാദനം ആരംഭിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇത്രയും വലിയ തോതില്‍ ആപ്പിളിന്റെ പ്രാരംഭ റോള്‍ഔട്ടില്‍ ഇന്ത്യ ഭാഗമാകുന്നത് ഇതാദ്യമായാണ്.
വാര്‍ഷിക ഉല്‍പ്പാദന ശേഷി ഏകദേശം 60 ദശലക്ഷം യൂണിറ്റായി ഉയര്‍ത്താനാണ് ആപ്പിള്‍ പദ്ധതിയിടുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ടാറ്റ ഗ്രൂപ്പ് ഇന്ത്യയുടെ ഉല്‍പ്പാദനത്തിന്റെ പകുതി വരെ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം 2025 ല്‍ 25-30 ദശലക്ഷം ഐഫോണുകളുടെ ഉല്‍പ്പാദനമാണ് ഫോക്സ്‌കോണ്‍ ലക്ഷ്യമിടുന്നത്.
2025 ന്റെ ആദ്യ പകുതിയില്‍, ഇന്ത്യയിലെ ഐഫോണ്‍ ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 53% വര്‍ദ്ധിച്ച് ഏകദേശം 23.9 ദശലക്ഷം യൂണിറ്റിലെത്തി. മുന്‍ വര്‍ഷത്തെ കയറ്റുമതിയില്‍നിന്ന് ഗണ്യമായ കുതിപ്പാണ് ഇവിടെ ഉണ്ടായത്.
ഇന്ത്യ ആപ്പിളിന്റെ ഒരു നിര്‍ണായക നിര്‍മ്മാണ കേന്ദ്രമായി മാറിയിരിക്കുന്നു. ഇത് നിലവിലുള്ള താരിഫ്, ഭൗമരാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ചൈനയില്‍ നിന്ന് മാറി വിതരണ ശൃംഖലകളെ വൈവിധ്യവത്കരിക്കാന്‍ കമ്പനിയെ സഹായിക്കുന്നു.
ഇന്ത്യയില്‍ ഐഫോണ്‍ ഉത്പാദനം നിയന്ത്രിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നിട്ടും, വിപുലീകരണ പദ്ധതികള്‍ മന്ദഗതിയിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആപ്പിള്‍ കേന്ദ്ര സര്‍ക്കാരിന് ഉറപ്പ് നല്‍കി. ആപ്പിളിന്റെ ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം സിഇഒ ടിം കുക്ക് എടുത്തുകാണിച്ചു. യുഎസില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചതാണെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയുടെ 78 ശതമാനവും - ഏകദേശം 18.6 ദശലക്ഷം യൂണിറ്റുകള്‍ - യുഎസിലേക്കാണ് പോയത്. 2024 ജൂണില്‍ ഇത് 46 ശതമാനമായിരുന്നുവെങ്കില്‍, 2025 ജൂണില്‍ മാത്രം, ഇന്ത്യയുടെ ഐഫോണ്‍ കയറ്റുമതിയുടെ 88 ശതമാനവും യുഎസിലേക്കായിരുന്നു. നെതര്‍ലാന്‍ഡ്സ്, ചെക്ക് റിപ്പബ്ലിക്, യുകെ, ഇറ്റലി എന്നിവയാണ് ഇന്ത്യ ഐഫോണുകള്‍ കയറ്റുമതി ചെയ്യുന്ന മറ്റ് വിപണികള്‍.
അടുത്തമാസം ഒന്‍പതിനാണ് ഐഫോണ്‍ 17 സീരീസ് ലോഞ്ച് ചെയ്യുന്നത്. സെപ്റ്റംബര്‍ 12 മുതല്‍ ഇന്ത്യയില്‍ പ്രീബുക്കിംഗ് ആരംഭിക്കും. 19ന് ഫോണ്‍ വില്‍പ്പന തുടങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.