19 Feb 2026 9:53 PM IST
Summary
എഐ ഉപയോഗിക്കാന്‍ ഇനി ഗൂഗിള്‍ പഠിപ്പിക്കും. പുതിയ കോഴ്‌സ് പ്രഖ്യാപിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
ഇന്ത്യാക്കാരെ എഐ പഠിപ്പിക്കാൻ പുതിയ കോഴ്സുമായി ഗൂഗിൾ. ഗൂഗിള്‍ എഐ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്ത്യയില്‍ ആരംഭിക്കുന്നതായി എഐ ഇംപാക്റ്റ് സമിറ്റ് 2026ല്‍ സുന്ദർ പിച്ചൈ പ്രഖ്യാപിച്ചു. ഈ പുതിയ കോഴ്‌സ് വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകള്‍ക്കും എഐ ഉപയോഗം എളുപ്പമാക്കാനും ജോലി മേഖലയില്‍ പ്രയോജനപ്പെടാനും രൂപകല്‍പ്പന ചെയ്തതാണ്.
എഐ പഠനത്തിന് കൂടുതൽ ഭാഷകൾ
വധ്വാനി എഐ എന്ന സ്ഥാപനവുമായി ചേര്‍ന്ന് രൂപകല്പന ചെയ്തതാണ് കോഴ്സ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഉൾപ്പെടെ നിരവധി ഇന്ത്യന്‍ ഭാഷകളിലും കോഴ്‌സ് ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചത്. ഇതിലൂടെ വിവിധ മേഖലകളിലെ വിദ്യാർത്ഥികള്‍ക്കും ഉദ്യോഗസ്ഥർക്കും എഐ പഠന അവസരം വിപുലമാക്കാനാണ് ശ്രമം.
ജോലി രംഗത്ത് എഐ ഉപയോഗിക്കുകയാണ് ഇ- കോഴ്‌സിന്റെ പ്രധാന ലക്ഷ്യം. പ്രായോഗിക പരിശീലനത്തോടെ മിക്ക തൊഴില്‍ മേഖലകളിലും ആവശ്യമായ എഐ കഴിവുകള്‍ കൈവരിക്കുന്ന തരത്തിലാണ് കോഴ്‌സ് രൂപകല്‍പ്പന ചെയ്തത്. പരിശീലനം പൂര്‍ത്തിയാക്കിയയാൾക്ക് ഗുണനിലവാരമുള്ള സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുമെന്നു ഗൂഗിള്‍ വ്യക്തമാക്കി.
വലിയ പദ്ധതികളും പ്രഖ്യാപനങ്ങളും
വിശാഖപട്ടണത്ത് 15 ബില്യണ്‍ ഡോളര്‍ ചിലവിട്ട് സ്ഥാപിച്ച എഐ ഹബ് വലിയ തൊഴിലവസരങ്ങളാണ് തുറന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള എഐ ഡാറ്റാ വിനിമയം വേഗത്തിലാക്കാന്‍ പുതിയ സമുദ്രാന്തര കേബിള്‍ ശൃംഖല സ്ഥാപിക്കും. ഇന്ത്യയെ അമേരിക്കയുമായും ദക്ഷിണാര്‍ദ്ധഗോളത്തിലെ വിവിധ രാജ്യങ്ങളുമായും ഈ കേബിള്‍ വഴി ബന്ധിപ്പിക്കും. ജെമിനി എഐ പോലുള്ള സേവനങ്ങള്‍ക്ക് മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിളിന്റെ എഐ ടൂളായ ജെമിനിയുടെ പ്രധാനപ്പെട്ട മാര്‍ക്കറ്റാണ് ഇന്ത്യയെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
