24 Aug 2025 11:02 AM IST
Summary
സമീപ മാസങ്ങളില്‍ ഇത് രണ്ടാമത്തെ നടപടി
ആപ്പിളിന്റെ വിതരണക്കാരായ ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പ് തമിഴ്നാട്ടിലെ ഒരു ഫാക്ടറിയില്‍ നിന്ന് 300 ഓളം ചൈനീസ് എഞ്ചിനീയര്‍മാരെ തിരിച്ചുവിളിച്ചു. സമീപ മാസങ്ങളില്‍ ഇത് രണ്ടാമത്തെ നടപടിയാണെന്നും ഇന്ത്യയിലെ ആപ്പിളിന്റെ വ്യാപനത്തിന്റെ വേഗതയെക്കുറിച്ച് പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
പഴയ ഐഫോണ്‍ മോഡലുകള്‍ക്കായി എന്‍ക്ലോഷറുകളും ഡിസ്‌പ്ലേ മൊഡ്യൂളുകളും നിര്‍മ്മിക്കുന്ന ഫോക്സ്‌കോണ്‍ യൂണിറ്റായ യുഷാന്‍ ടെക്നോളജിയിലാണ് എഞ്ചിനീയര്‍മാര്‍ ജോലി ചെയ്തിരുന്നത്. ജീവനക്കാരെ ഇപ്പോള്‍ ചൈനയിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. അവര്‍ക്ക് പകരം തായ്വാനീസ് എഞ്ചിനീയര്‍മാരെ നിയമിക്കാന്‍ ഫോക്സ്‌കോണ്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജീവനക്കാരെ നാട്ടിലേക്ക് അയച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഈ വര്‍ഷം ആദ്യം, ഇന്ത്യയിലെ ഐഫോണ്‍ ഫാക്ടറികളില്‍ നിന്ന് നൂറുകണക്കിന് ചൈനീസ് എഞ്ചിനീയര്‍മാരോടും ടെക്‌നീഷ്യന്മാരോടും നാട്ടിലേക്ക് മടങ്ങാന്‍ ഫോക്‌സ്‌കോണ്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയിലേക്കും തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുമുള്ള സാങ്കേതിക കൈമാറ്റങ്ങളും ഉപകരണ കയറ്റുമതിയും നിയന്ത്രിക്കാന്‍ ബെയ്ജിംഗ് റെഗുലേറ്റര്‍മാരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും വാക്കാല്‍ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് ബ്ലൂംബെര്‍ഗ് പറഞ്ഞു. ചൈനയില്‍ നിന്നുള്ള ഉല്‍പ്പാദന കുടിയേറ്റം മന്ദഗതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
യുഷാന്‍ പ്ലാന്റ് ഉത്പാദനം ആരംഭിച്ചിട്ട് കുറച്ച് മാസങ്ങളേ ആയിട്ടുള്ളൂ. ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 17 ലൈനില്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. ജീവനക്കാരുടെ പിരിച്ചുവിടല്‍ നികത്താന്‍ മറ്റ് ഇന്ത്യന്‍ വിതരണക്കാരെ ആശ്രയിക്കാമെങ്കിലും ആപ്പിള്‍ അതിന്റെ മിക്ക ഡിസ്പ്ലേകളും ഇറക്കുമതി ചെയ്യുന്നത് തുടരുന്നു.
ഇതുവരെ ആപ്പിള്‍, കാര്യമായ ചൈനീസ് പങ്കാളികളെ ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. പകരം ടാറ്റ ഗ്രൂപ്പിന്റെ ഇലക്ട്രോണിക്‌സ് വിഭാഗം പോലുള്ള സ്ഥാപനങ്ങളുമായി പ്രാദേശിക വിതരണ ശൃംഖലകള്‍ നിര്‍മ്മിക്കുകയാണ്. ഇന്ത്യയിലെ ഏക ഐഫോണ്‍ അസംബ്ലര്‍ കമ്പനിയാണിത്.
അടുത്ത മാസം ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി നാല് ഐഫോണ്‍ 17 മോഡലുകളും ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു. പ്രോ-ലെവല്‍ പതിപ്പുകള്‍ ഉള്‍പ്പെടെ എല്ലാ പുതിയ മോഡലുകളും ഇന്ത്യയില്‍ നിന്ന് ലോഞ്ച് ചെയ്യുമ്പോള്‍ ഷിപ്പ് ചെയ്യുന്നത് ഇതാദ്യമായാണ്.