3 March 2026 9:24 PM IST
Apple iPhone 17e ; ഐഫോൺ- 17ഇ ഇന്ത്യയിൽ: മാഗ്‌സേഫും A19 ചിപ്പുമായി ആപ്പിളിന്റെ പുതിയ ബജറ്റ് പവർഹൗസ്
MyFin Desk
Summary
ആപ്പിളിന്റെ പുതിയ ബജറ്റ് സ്മാർട്ട്ഫോണായ ഐഫോൺ 17ഇ ( 17e) ഇന്ത്യയിൽ അവതരിപ്പിച്ചു. മാഗ്‌സേഫ് ചാർജിംഗ്, പുതിയ A19 ചിപ്പ്, 48 എംപി ഫ്യൂഷൻ ക്യാമറ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. 64,900 രൂപയാണ് പ്രാരംഭ വില.
പ്രമുഖ ടെക് കമ്പനിയായ ആപ്പിൾ ഇന്ത്യയിൽ പുതിയ ബജറ്റ് മോഡലായ ഐഫോൺ-17ഇ അവതരിപ്പിച്ചു. മെച്ചപ്പെടുത്തിയ സവിശേഷതകളോടെയാണ് ഐഫോൺ 17 സീരീസിലെ ഏറ്റവും കുറഞ്ഞ വിലയിലുള്ള മോഡൽ വിപണിയിലെത്തുന്നത്.
വിലയും ലഭ്യതയും
ഇന്ത്യയിൽ ഐഫോൺ 17 ഇയുടെ പ്രാരംഭ വില 64,900 രൂപയാണ്. അടിസ്ഥാന സ്റ്റോറേജ് 128 ജിബിയിൽ നിന്ന് 256 ജിബിയായി വർധിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. മാർച്ച് 4 മുതൽ പ്രീ-ഓർഡർ ആരംഭിക്കും. മാർച്ച് 11 മുതൽ ഫോൺ വിപണിയിൽ ലഭ്യമാകും. കറുപ്പ്, വെളുപ്പ്, പുതുതായി അവതരിപ്പിച്ച സോഫ്റ്റ് പിങ്ക് എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.
പ്രധാന അപ്‌ഗ്രേഡ്
മുൻഗാമിയായ ഐഫോൺ 16ഇയുമായി താരതമ്യം ചെയ്യുമ്പോൾ മാഗ്‌സേഫ് ചാർജിംഗാണ് പ്രധാന അപ്‌ഗ്രേഡ്. Qi2 വയർലെസ് ചാർജിംഗ് വഴി പരമാവധി 12 വാട്ട് വരെ വേഗത്തിൽ ചാർജ് ചെയ്യാം. മുൻ മോഡലിലെ 7.5 വാട്ട് വയർലെസ് ചാർജിംഗിനെ അപേക്ഷിച്ച് ഇത് ഇരട്ടി വേഗതയാണ്. യുഎസ്ബി-സി പോർട്ട് വഴി 20 വാട്ട് അല്ലെങ്കിൽ അതിലധികം ശേഷിയുള്ള അഡാപ്റ്റർ ഉപയോഗിച്ച് ഏകദേശം 30 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു.
മികച്ച പ്രകടനം
3 എൻഎം സാങ്കേതികവിദ്യയിൽ നിർമ്മിച്ച എ19 ചിപ്പാണ് പുതിയ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മെച്ചപ്പെട്ട പ്രകടനവും ഉയർന്ന ഊർജക്ഷമതയും ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. വീഡിയോ പ്ലേബാക്കിൽ പരമാവധി 26 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭ്യമാകുമെന്നും അറിയിച്ചിട്ടുണ്ട്.
ഡിസൈനും ഡിസ്പ്ലെയും
ഡിസൈനിൽ വലിയ മാറ്റങ്ങളില്ലെങ്കിലും എയറോസ്പേസ് ഗ്രേഡ് അലുമിനിയം ഫ്രെയിംയും ഐപി68 റേറ്റിംഗും ഫോൺ കൂടുതൽ ദൃഢമാക്കുന്നു. സെറാമിക് ഷീൽഡ് 2.2 സംരക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 60Hz റിഫ്രഷ് റേറ്റാണ് തുടരുന്നത് എന്നത് ചില ഉപഭോക്താക്കൾക്ക് നിരാശയായേക്കാം.
ക്യാമറ സവിശേഷതകൾ
48 മെഗാപിക്സൽ ഫ്യൂഷൻ റിയർ ക്യാമറയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾക്കും 2x ടെലിഫോട്ടോ സൗകര്യത്തിനും പിന്തുണ നൽകുന്നു. 4K ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗിനും ഐഫോൺ 17 ഇ പിന്തുണ നൽകുന്നു.പുതിയ അപ്‌ഗ്രേഡുകളോടെ എത്തിയ ഐഫോൺ 17 ഇ, ബജറ്റ് സെഗ്മെന്റിൽ പ്രീമിയം അനുഭവം തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതാണ്.
പഠിക്കാം & സമ്പാദിക്കാം
Home
