29 May 2025 12:45 PM IST
Summary
ഇതുവരെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് മൂന്നാം കക്ഷി റീട്ടെയിലര്‍മാരെയാണ് ഗൂഗിള്‍ ആശ്രയിച്ചിരുന്നത്
ഗൂഗിള്‍ സ്‌റ്റോര്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു. ഇതുവഴി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വാങ്ങാന്‍ കഴിയും. ഇതുവരെ, യുഎസ് ആസ്ഥാനമായുള്ള ടെക്‌നോളജി ഭീമന്‍ രാജ്യത്ത് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് റിലയന്‍സ് ഡിജിറ്റല്‍, ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ മൂന്നാം കക്ഷി റീട്ടെയിലര്‍മാരെയാണ് ആശ്രയിച്ചിരുന്നത്. ന്യൂഡെല്‍ഹിയിലും മുംബൈയിലുമാണ് സ്‌റ്റോറുകള്‍ ആരംഭിച്ചിരിക്കുന്നത്.
സ്വന്തം ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ചതോടെ, ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇനി പിക്സല്‍ 8, പിക്സല്‍ 9 സീരീസ് പോലുള്ള ഉപകരണങ്ങള്‍ ഗൂഗിളില്‍ നിന്ന് നേരിട്ട് വാങ്ങാം.
സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുറമേ, പിക്സല്‍ വാച്ച് 3, ബഡ്സ് പ്രോ 2, ഫോണ്‍ കേസുകള്‍, യുഎസ്ബി-സി പവര്‍ അഡാപ്റ്ററുകള്‍, വാച്ച് ബാന്‍ഡുകള്‍ തുടങ്ങി നിരവധി ആക്സസറികളും മറ്റ് ഉല്‍പ്പന്നങ്ങളും ഗൂഗിള്‍ സ്റ്റോര്‍ വാഗ്ദാനം ചെയ്യുന്നു.
ഗൂഗിള്‍ സ്‌റ്റോര്‍ വഴി ഉപഭോക്താക്കള്‍ക്ക് മികച്ച വിലയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനാകും.ഉപഭോക്താക്കള്‍ക്ക് എല്ലായ്‌പ്പോഴും മത്സരാധിഷ്ഠിത വിലനിര്‍ണ്ണയം ലഭിക്കുന്നുണ്ടെന്ന് കമ്പനി ഉറപ്പാക്കും.
ഇന്ത്യയില്‍ സ്റ്റോര്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി, നിരവധി പിക്‌സല്‍ സ്മാര്‍ട്ട്ഫോണുകളില്‍ ഗൂഗിള്‍ പ്രത്യേക ഡീലുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 1,72,999 രൂപ വിലയുള്ള പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് 1,62,999 രൂപയ്ക്ക് ലഭിക്കും. 1,09,999 രൂപയുള്ള പിക്‌സല്‍ 9 പ്രോ 99,999 രൂപയ്ക്കും കരസ്ഥമാക്കാം. പിക്‌സല്‍ 9 74,999 രൂപയ്ക്കും പിക്‌സല്‍ 8 പ്രോ 62,999 രൂപയ്ക്കും വാങ്ങാനാകും.