18 Sept 2025 10:02 AM IST
Summary
പ്രീ ഓര്‍ഡറുകള്‍ പ്രതീക്ഷകള്‍ക്കപ്പുറമായി
ആപ്പിളിന്റെ ഐഫോണ്‍ 17 സീരീസിന് ഇന്ത്യയില്‍ വന്‍ ഡിമാന്‍ഡ്. പ്രീ ഓര്‍ഡറുകള്‍ കമ്പനി പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് കുതിച്ചുയര്‍ന്നു. പ്രത്യേകിച്ച് കോസ്മിക് ഓറഞ്ചിലുള്ള ഐഫോണ്‍ 17 പ്രോ മാക്‌സ്, യുഎസിലും ഇന്ത്യയിലും പ്രീ-ഓര്‍ഡറുകള്‍ ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ വിറ്റുതീര്‍ന്നു.
ഈ മികച്ച പ്രതികരണത്തിന്റെ ഫലമായി, ജനപ്രിയ മോഡല്‍ ഉടന്‍ തന്നെ റീസ്റ്റോക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ആപ്പിള്‍ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തി. എന്നാല്‍ ഇതിന്റെ സമയപരിധി കമ്പനി അറിയിച്ചിട്ടില്ല.
ഐഫോണ്‍ 17 സീരീസിനുള്ള ഇന്ത്യയിലെ പ്രീ-ഓര്‍ഡറുകള്‍ പ്രാരംഭ ഡിമാന്‍ഡ് , കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 16 മോഡലുകളേക്കാള്‍ കൂടുതലായിരുന്നുവെന്ന് വിശകലന വിദഗ്ദ്ധന്‍ മിംഗ്-ചി കുവോ അഭിപ്രായപ്പെട്ടു.
വേഗത്തില്‍ വിറ്റുതീര്‍ന്ന ഐഫോണ്‍ 17 പ്രോ മാക്സിന്റെ കോസ്മിക് ഓറഞ്ച് വേരിയന്റിന്റെ ലഭ്യത പിന്നീട് കമ്പനി അറിയിക്കും. ഈ വര്‍ഷം ഐഫോണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് ആപ്പിള്‍ പദ്ധതിയിടുന്നത്. ആഗോള ആവശ്യകത ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ഉല്‍പ്പാദനവും കമ്പനി വര്‍ധിപ്പിക്കും.
ഇന്ത്യയിലെ ആപ്പിളിന്റെ ശക്തമായ പ്രീ-ഓര്‍ഡര്‍ നമ്പറുകള്‍ കമ്പനിയുടെ വിപണിയില്‍ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നു. ബെംഗളൂരുവിലും പൂനെയിലും പുതിയ സ്റ്റോറുകള്‍ ഉള്‍പ്പെടെ അതിന്റെ റീട്ടെയില്‍ ശൃംഖലയും ഇവിടെ വികസിപ്പിക്കുകയാണ്. ആപ്പിള്‍ ഇന്ത്യയെ ഒരു പ്രധാന വിപണിയായും നിര്‍മാണ കേന്ദ്രമായും പരിഗണിക്കുന്നു. ഇന്ത്യയില്‍ നിര്‍മിച്ച ഫോണ്‍ എന്നത് ഒരു പരസ്യംപോലെ ആപ്പിളിന് ഏറെ ഗുണം ചെയ്യുന്നുണ്ട്.