8 Sept 2025 3:59 PM IST
Summary
ഐഫോണ്‍ 17 സീരീസ് ഉള്‍പ്പെടെ ആറ് ഉല്‍പ്പന്നങ്ങളാണ് ആപ്പിള്‍ പുറത്തിറക്കുക
ടെക് ലോകത്തെ കാത്തിരിപ്പിന് അവസാനം. ഐഫോണ്‍ 17 സീരീസ് ഉള്‍പ്പെടെ ആറ് ഉല്‍പ്പന്നങ്ങള്‍ നാളെ ആപ്പിള്‍ പുറത്തിറക്കും. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി 10.30 നാണ് ആപ്പിള്‍ ഇവന്റ് ആരംഭിക്കുക.
പുതിയ ഐഫോണ്‍ 17 ലൈനപ്പിനൊപ്പം ആപ്പിള്‍ വാച്ച് സീരീസ്, എയര്‍പോഡ്‌സ്, മറ്റ് അനുബന്ധ ഉത്പന്നങ്ങള്‍ എന്നിവ കമ്പനി പുറത്തിറക്കും.
ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്, ഐഫോണ്‍ 17 എയര്‍ എന്നിങ്ങനെ നാല് പുതിയ മോഡലുകളാണ് ആപ്പിള്‍ ഐഫോണ്‍ 17 സീരീസില്‍ അവതരിപ്പിക്കുന്നത്.
മുന്‍പ് ഐഫോണ്‍ 12, 13 സീരീസുകളില്‍ മിനി മോഡല്‍ ഉള്‍പ്പെടുത്തിയിരുന്ന ആപ്പിള്‍, ഐഫോണ്‍ 14, 15, 16 സീരീസുകളില്‍ പ്ലസ് മോഡല്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഈ മിനി, പ്ലസ് മോഡലുകള്‍ക്ക് പകരമായി ഇത്തവണ അവതരിപ്പിക്കുന്നത് ഐഫോണ്‍ 17 എയര്‍ ആണ്. വെറും 5.5 മില്ലിമീറ്റര്‍ കനം മാത്രമുള്ള ഈ മോഡല്‍ ഡിസൈനില്‍ വലിയ മാറ്റം കൊണ്ടുവരുന്നുണ്ട്.
ഐഫോണ്‍ 17 സീരീസ് പുത്തന്‍ രൂപകല്‍പ്പനയിലാണ് എത്തുന്നത്. പുതിയ നിറങ്ങളും മെച്ചപ്പെടുത്തിയ ക്യാമറയും ഡിസൈനും ഇതിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.