18 March 2026 3:42 PM IST
ചൈനീസ് വിപണിയില്‍ എന്‍വിഡിയയുടെ വമ്പന്‍ തിരിച്ചുവരവ്; എച്ച് 200 ചിപ്പുകളുടെ ഉത്പാദനം പുനരാരംഭിക്കുന്നു
MyFin Desk
Summary
യുഎസ് സര്‍ക്കാരില്‍ നിന്നുള്ള അംഗീകാരവും ചൈനീസ് സാങ്കേതിക ഭീമന്മാരില് നിന്നുള്ള വന്‍തോതിലുള്ള പുതിയ ഓര്‍ഡറുകളും ലഭിച്ചതോടെയാണ് നിര്‍ത്തിവെച്ചിരുന്ന ഉത്പാദനം കമ്പനി പുനരാരംഭിക്കുന്നത്
ആഗോള ചിപ്പ് വിപണിയിലെ വമ്പന്മാരായ എന്‍വിഡിയ, തങ്ങളുടെ അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പായ 'എച്ച് 200' ചൈനയില്‍ വീണ്ടും വിതരണം ചെയ്യും. യുഎസ് സര്‍ക്കാരില്‍ നിന്നുള്ള അംഗീകാരവും ചൈനീസ് സാങ്കേതിക ഭീമന്മാരില് നിന്നുള്ള വന്‍തോതിലുള്ള പുതിയ ഓര്‍ഡറുകളും ലഭിച്ചതോടെയാണ് നിര്‍ത്തിവെച്ചിരുന്ന ഉത്പാദനം കമ്പനി പുനരാരംഭികുന്നത്. 'രണ്ടാഴ്ച മുമ്പുള്ള സാഹചര്യമല്ല ഇപ്പോള്‍, ഞങ്ങളുടെ സപ്ലൈ ചെയിന്‍ വീണ്ടും സജീവമായിക്കഴിഞ്ഞു,' എന്ന് എന്‍വിഡിയ സിഇഒ ജെന്സണ് ഹുവാങ് വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ വ്യാപാര നയങ്ങളാണ് എന്‍വിഡിയയുടെ ഈ നീക്കത്തിന് പിന്നിലെ പ്രധാന ചാലകശക്തി. എഐ സാങ്കേതികവിദ്യയില്‍ അമേരിക്കയുടെ ആധിപത്യം നിലനിര്‍ത്തുന്നതിനൊപ്പം തന്നെ, ചൈനയെ അനാവശ്യമായി കൈവിടരുത് എന്ന ട്രംപിന്റെ നിലപാടാണ് കമ്പനിക്ക് തുണയായത്. ചൈനയില്‍ നിന്നുള്ള വരുമാനത്തിന്റെ 25 ശതമാനം യുഎസ് സര്‍ക്കാരുമായി പങ്കിടണം എന്ന ഡിസംബറിലെ കരാറോടെയാണ് വിപണിയിലേക്കുള്ള വഴി തെളിഞ്ഞത്.
കയറ്റുമതി ലൈസന്‍സുകളെ ചൊല്ലിയുള്ള ദേശീയ സുരക്ഷാ പരിശോധനകളും ചൈനീസ് അധികൃതരുടെ കര്‍ശന നിലപാടുകളും കാരണം കഴിഞ്ഞ കുറച്ചുനാളുകളായി എന്‍വിഡിയയുടെ ചൈനീസ് പ്രവര്‍ത്തനം പ്രതിസന്ധിയിലായിരുന്നു. പ്രത്യേകിച്ച് 'എച്ച് 20' പ്രോസസറുകളുടെ കാര്യത്തില്‍ നേരിട്ട തടസ്സങ്ങള്‍ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്താന്‍ കമ്പനിയെ പ്രേരിപ്പിച്ചു. എന്നാല്‍ പുതിയ റെഗുലേറ്ററി ക്ലിയറന്‍സുകള്‍ ലഭിച്ചതോടെ അനിശ്ചിതത്വങ്ങള്‍ നീങ്ങിയിരിക്കുകയാണ്.
അലിബാബ, ബൈറ്റ്ഡാന്‍സ് തുടങ്ങിയ ചൈനീസ് ടെക് ഭീമന്മാര്ക്ക് എന്‍വിഡിയയുടെ ചിപ്പുകള്‍ ലഭിക്കുന്നത് ആഗോള എഐ മത്സരത്തില്‍ വലിയ മാറ്റങ്ങള്‍ക്കും വഴിവെക്കും. ഇനിയും ചില പ്രാദേശിക അനുമതികള്‍ ആവശ്യമാണെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികള്‍ക്കിടയിലുള്ള ഈ വ്യാപാര നീക്കം ടെക് ലോകം വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
