20 Aug 2025 3:20 PM IST
Summary
യുഎസിലെ സ്‌റ്റോക്ക് ഉയര്‍ത്താനുള്ള ആപ്പിളിന്റെ തീരുമാനമാണ് ഐഫോണ്‍ കയറ്റുമതി വര്‍ധിക്കാന്‍ കാരണം
ഇന്ത്യയില്‍നിന്നുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ വന്‍കുതിപ്പ്. 52 ശതമാനത്തിന്റെ വര്‍ധനയാണ് ഈ രംഗത്തുണ്ടായത്. ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍കയറ്റി അയച്ചത് ഐഫോണ്‍.
തീരുവപ്പേടിയില്‍ അമേരിക്കയിലെ സ്റ്റോക്ക് ഉയര്‍ത്താന്‍ ആപ്പിള്‍ തീരുമാനിച്ചതോടെയാണ് സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ കുതിപ്പുണ്ടായത്. ഏപ്രില്‍-ജൂലായ് കാലയളവില്‍ ഇന്ത്യയില്‍നിന്ന് ഐഫോണ്‍ അടക്കമുള്ള സ്മാര്‍ട്ട്ഫോണുകളുടെ മൊത്തം കയറ്റുമതി ഏകദേശം 87,000 കോടി രൂപ പിന്നിട്ടു. മുന്‍വര്‍ഷം ഇതേകാലത്തെ 640 കോടിഡോളറിനേക്കാള്‍ 52 ശതമാനമാണ് വര്‍ധന.
സ്മാര്‍ട്ട്ഫോണ്‍ കയറ്റി അയച്ചതില്‍ മുന്നില്‍ ഐഫോണ്‍തന്നെ. ഏപ്രില്‍-ജൂലായ് കാലയളവില്‍ 750 കോടിഡോളറിന്റെ ഐഫോണുകളാണ് കമ്പനി അമേരിക്കയിലേക്കു കൊണ്ടുപോയത്. മുന്‍വര്‍ഷം
ഇതേകാലത്തെ 460 കോടി ഡോളറിനേക്കാള്‍ 63 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആപ്പിളിന്റെ ഉത്പാദനക്കരാറുള്ള ഫോക്സ്‌കോണ്‍, പെഗാട്രോണ്‍, ടാറ്റ ഇലക്ട്രോണിക്സ് എന്നിവ ചേര്‍ന്നാണ് 750 കോടിഡോളറിന്റെ ഐഫോണ്‍ കയറ്റുമതി നടത്തിയത്. ഇതില്‍ പെഗാട്രോണ്‍ ഫാക്ടറി ടാറ്റ ഇലക്ട്രോണിക്സിന്റെ ഭാഗമായിട്ടുണ്ട്. ഇന്ത്യയില്‍നിന്നുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയുടെ 75 ശതമാനവും ആപ്പിളിന്റെ വിഹിതമാണ്. അതേസമയം, രണ്ടാമതുള്ള സാംസങ്ങിന്റെ കയറ്റുമതിയില്‍ കുറവു രേഖപ്പെടുത്തി.