image

12 July 2025 2:34 PM IST

Tech News

ഐഫോണ്‍ 17 ഉല്‍പ്പാദനം രാജ്യത്ത് ആരംഭിക്കുന്നു

MyFin Desk

ഐഫോണ്‍ 17 ഉല്‍പ്പാദനം രാജ്യത്ത് ആരംഭിക്കുന്നു
X

Summary

  • ഫോക്‌സ്‌കോണ്‍ ഫാക്ടറിയിലാണ് ചൈനയില്‍നിന്നും പാര്‍ട്‌സുകള്‍ എത്തിയത്
  • ഐഫോണ്‍ 17 സെപ്റ്റംബറില്‍ പുറത്തിറങ്ങും


സെപ്റ്റംബറില്‍ പുറത്തിറങ്ങുന്ന ഐഫോണ്‍ 17 ന്റെ ഉല്‍പ്പാദനം രാജ്യത്ത് ആരംഭിക്കുന്നു. ഇതിനുള്ള ഘടകങ്ങള്‍ ചൈനയില്‍നിന്നും ഇന്ത്യയിലെ ഫോക്‌സ്‌കോണ്‍ ഫാക്ടറിയില്‍ എത്തി. അതേസമയം ഇതുവരെ ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ പരീക്ഷണ ഉല്‍പാദനത്തിനായി ഉദ്ദേശിച്ചുള്ളതായിരിക്കാമെന്ന് വ്യവസായ വിദഗ്ധര്‍ പറയുന്നു.

കസ്റ്റംസ് ഡാറ്റ പ്രകാരം ഡിസ്‌പ്ലേ അസംബ്ലി, കവര്‍ ഗ്ലാസ്, മെക്കാനിക്കല്‍ ഹൗസിംഗ്, ഇന്റഗ്രേറ്റഡ് റിയര്‍ ക്യാമറ മൊഡ്യൂളുകള്‍ തുടങ്ങിയ വിവിധ ഘടകങ്ങളും ഉപ-അസംബ്ലികളും കഴിഞ്ഞ മാസം ഇന്ത്യയില്‍ എത്തിത്തുടങ്ങി.

ഫോക്സ്‌കോണ്‍ ജൂണില്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഘടകങ്ങളുടെ ഏകദേശം 10% മാത്രമാണ് വരാനിരിക്കുന്ന ഐഫോണ്‍ 17 മൊബൈല്‍ ഫോണ്‍ മോഡലിനുള്ള ഘടകങ്ങള്‍. ഭൂരിഭാഗം ഘടകങ്ങളും ഐഫോണ്‍ 14, ഐഫോണ്‍ 16 മോഡലുകളുടേതായിരുന്നു. ഉത്സവ സീസണില്‍ ഇന്ത്യയില്‍ ഇവ കൂടുതല്‍ വില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ ഐഫോണ്‍സ 17ന്റെ ഉത്പാദനം ഈ മാസം ആരംഭിക്കുമെന്നും ഓഗസ്റ്റില്‍ വന്‍തോതിലുള്ള ഉത്പാദനം ആരംഭിക്കുമെന്നും വിദഗ്ധര്‍ പറഞ്ഞു. ഐഫോണ്‍ 17 സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

ആദ്യ ദിവസം മുതല്‍ ഇന്ത്യയിലും ചൈനയിലും ഒരേസമയം ഐഫോണ്‍ 17 നിര്‍മ്മിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നുണ്ട്. ഇന്ത്യ കമ്പനിയുടെ തന്ത്രപരമായ കയറ്റുമതി കേന്ദ്രമായി മാറുകയാണ്. പ്രത്യേകിച്ച് അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ചൈനയ്ക്ക് മേല്‍ ഉയര്‍ന്ന താരിഫ് ചുമത്തിയതാണ് ഇതിന് കാരണം.

മാര്‍ച്ചില്‍ കമ്പനി ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള ഐഫോണ്‍ കയറ്റുമതി വര്‍ഷം തോറും 219% വര്‍ദ്ധിപ്പിച്ചതായി എസ് ആന്‍ഡ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസില്‍ തന്നെ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ യുഎസ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദം വര്‍ദ്ധിച്ചിട്ടുണ്ട്. 2026 ഓടെ യുഎസ് വിപണിയിലേക്കുള്ള ഐഫോണുകളുടെ ഉറവിടം പൂര്‍ണ്ണമായും ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍ പദ്ധതിയിടുകയുമാണ്.

ചൈനയിലും ഇന്ത്യയിലും ഉല്‍പ്പാദനം തമ്മിലുള്ള അന്തരം കമ്പനി ക്രമേണ കുറയ്ക്കുകയാണ്. ചൈനയില്‍ ഐഫോണ്‍ 14 അസംബ്ലി ആരംഭിച്ച് ആറ് ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ഐഫോണ്‍ 14 അസംബ്ലി ആരംഭിച്ചിരുന്നു. അതേസമയം ഐഫോണ്‍ 15 ഇരു രാജ്യങ്ങളിലും ഏതാണ്ട് ഒരേസമയം നിര്‍മ്മിക്കപ്പെട്ടു.

അതേസമയം ഫോക്സ്‌കോണിന്റെ ഇന്ത്യയിലെ ഫാക്ടറികളില്‍ നിന്ന് വിദഗ്ധരായ ചൈനീസ് എഞ്ചിനീയര്‍മാരെ പിന്‍വലിച്ചത് ഐഫോണ്‍ 17 ന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനത്തിന് തടസമായേക്കാം.

'ഐഫോണ്‍ 17 നിര്‍മ്മാണത്തില്‍ നിരവധി ചെറിയ ഭാഗങ്ങളുടെ സങ്കീര്‍ണ്ണമായ കൃത്യതയുള്ള മെഷീനിംഗ് ഉള്‍പ്പെടുന്നതിനാല്‍ ചൈനീസ് എഞ്ചിനീയര്‍മാര്‍ നിര്‍ണായകമാണ്, കൂടാതെ 1 മില്ലീമീറ്റര്‍ വ്യത്യാസം പോലും ഒരു ഉല്‍പ്പന്നം ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെടാന്‍ കാരണമാകും. സങ്കീര്‍ണ്ണമായ അസംബ്ലി പ്രക്രിയകളെക്കുറിച്ചും ഘടകങ്ങള്‍ക്കായുള്ള പ്രത്യേക മെഷീനുകളെക്കുറിച്ചും ജീവനക്കാരെ പരിശീലിപ്പിക്കാന്‍ അവര്‍ ആവശ്യമാണ്,' വിദഗ്ധര്‍ പറഞ്ഞു.