27 Feb 2026 9:47 PM IST
ചാറ്റ്ജിപിടി പരസ്യപ്പലകയാകുമോ? ചാറ്റിനിടെ ഇനി പരസ്യങ്ങളും, പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
MyFin Desk
Summary
നിങ്ങളുടെ സേര്‍ച്ചുകളെ ശല്യപ്പെടുത്തുന്ന പോപ്പ്-അപ്പ് പരസ്യങ്ങളല്ല കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പകരം, നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അനുയോജ്യമായ 'സന്ദര്‍ഭോചിത നിര്‍ദ്ദേശങ്ങള്‍' മാത്രമാണ് ചാറ്റ് ബോക്സിന്റെ താഴെ ദൃശ്യമാകുക
എല്ലാവര്ക്കും സൗജന്യവും പരസ്യരഹിതവുമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനം നല്‍കിയിരുന്ന സുവര്‍ണ കാലഘട്ടത്തിന് തിരശ്ശീല വീഴുന്നു. പ്രതിവാരം നൂറുകോടിയോളം വരുന്ന ഉപയോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിനുണ്ടാകുന്ന വമ്പന്‍ സാമ്പത്തിക ബാധ്യത മറികടക്കാന്‍ ചാറ്റ്ജിപിടിയില്
പരസ്യങ്ങള്‍ ഉള്പ്പെടുത്തിത്തുടങ്ങിയിരിക്കുകയാണ് ഓപ്പണ്‍എഐ. സിഇഒ സാം ആള്ട്ട്മാന് മുമ്പ് 'അവസാന വഴി' എന്ന് വിശേഷിപ്പിച്ച ഈ നീക്കം, ഫെബ്രുവരി മുതലാണ് പ്രാബല്യത്തില്‍ വന്നത്. നിലവില്‍ സൗജന്യമായി പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവര്‍ക്കും പുതുതായി ആരംഭിച്ച പ്രതിമാസം 8 ഡോളറിന്റെ 'Go' പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്കും ഇനി മുതല്‍ ചാറ്റിനിടെ ബ്രാന്‍ഡ് നിര്‍ദ്ദേശങ്ങള്‍ കൂടി കാണേണ്ടി വരും.
നിങ്ങളുടെ സേര്‍ച്ചുകളെ ശല്യപ്പെടുത്തുന്ന പോപ്പ്-അപ്പ് പരസ്യങ്ങളല്ല കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പകരം, നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അനുയോജ്യമായ 'സന്ദര്‍ഭോചിത നിര്‍ദ്ദേശങ്ങള്‍' മാത്രമാണ് ചാറ്റ് ബോക്സിന്റെ താഴെ ദൃശ്യമാകുക. ഉദാഹരണത്തിന്, സ്മാര്‍ട്ട് വാച്ചുകളെക്കുറിച്ചാണ് നിങ്ങള്‍ ചോദിക്കുന്നതെങ്കില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ വെബ്സൈറ്റ് ലിങ്കുകള്‍ അവിടെ കാണാം. ഇതിനായി അഡോബ്, എക്സ്പീഡിയ തുടങ്ങിയ വമ്പന്മാരുമായി കമ്പനി കരാറിലെത്തിക്കഴിഞ്ഞു. എന്നാല്‍ ഈ പരസ്യങ്ങള്‍ എഐ നല്കുന്ന മറുപടികളെ ഒരു തരത്തിലും ബാധിക്കില്ലെന്നും ശാസ്ത്രീയമായ കൃത്യത നിലനിര്‍ത്തുമെന്നും കമ്പനി ഉറപ്പുനല്‍കുന്നു.
പരസ്യങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്ലസ്, പ്രോ പ്ലാനുകള്‍ തുടര്‍ന്നും ലഭ്യമാണ്. എന്നാല്‍ ക്ലോഡ് പോലുള്ള എതിരാളികള്‍ ഓപ്പണ്‍ എഐയുടെ ഈ നീക്കത്തെ പരിഹസിച്ചുകൊണ്ട് 'പരസ്യരഹിത എഐ' എന്ന ക്യാമ്പെയ്നുമായി രംഗത്തുണ്ട്. സ്വകാര്യത ഇഷ്ടപ്പെടുന്നവര്‍ക്ക് സെറ്റിങ്സില്‍ പോയി പേഴ്സണലൈസ്ഡ് പരസ്യങ്ങള്‍ ഓഫാക്കാനുള്ള സൗകര്യവും ഓപ്പണ്‍എഐ ഒരുക്കിയിട്ടുണ്ട്. ഉയര്‍ന്ന നിലവാരമുള്ള എഐ സേവനങ്ങള്‍ ലോകമെമ്പാടുമുള്ളവര്‍ക്ക് സൗജന്യമായി നല്കണമെങ്കില് ഇത്തരം സാമ്പത്തിക മോഡലുകള്‍ അത്യന്താപേക്ഷിതമാണെന്നാണ് കമ്പനിയുടെ വാദം.
പഠിക്കാം & സമ്പാദിക്കാം
Home
