image

12 July 2025 3:02 PM IST

Technology

മാറ്റത്തിനൊരുങ്ങി യൂട്യൂബ്; ട്രെന്‍ഡിംഗ് പേജ് ഒഴിവാക്കുന്നു

MyFin Desk

youtube is getting rid of the trending page in preparation for change
X

Summary

യൂട്യൂബ് അതിന്റെ പ്ലാറ്റ്ഫോമില്‍ നിന്നും കണ്ടെന്റുകള്‍ കണ്ടെത്തുന്ന രീതിയില്‍ മാറ്റം വരുത്തുന്നു


വന്‍ മാറ്റത്തിനൊരങ്ങി യൂട്യൂബ്. ജൂലൈ 21 മുതല്‍ ട്രെന്‍ഡിംഗ് പേജ് അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. 10 വര്‍ഷത്തിന് ശേഷമാണ് ഈ മാറ്റം.

വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് അതിന്റെ പ്ലാറ്റ്ഫോമില്‍ നിന്നും കണ്ടെന്റുകള്‍ കണ്ടെത്തുന്ന രീതിയില്‍ വലിയ മാറ്റം വരുത്തുകയാണ്. ജൂലൈ 21 മുതല്‍ ട്രെന്‍ഡിംഗ് പേജും ട്രെന്‍ഡിംഗ് നൗ ലിസ്റ്റും നീക്കം ചെയ്യും.

ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് 2015-ല്‍ അവതരിപ്പിച്ച ഫീച്ചറാണ് ഇപ്പോള്‍ അവസാനിപ്പിക്കുന്നത്. അവയുടെ സ്ഥാനത്ത് പുതുതായി യൂട്യൂബ് കാറ്റഗറി ചാര്‍ട്ടുകള്‍ അവതരിപ്പിക്കും.

വ്യത്യസ്ത വിഭാഗങ്ങളിലെ ഏറ്റവും ജനപ്രിയമായ ഉള്ളടക്കം ഈ ചാര്‍ട്ടുകള്‍ ഹൈലൈറ്റ് ചെയ്യും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ട്രെന്‍ഡിംഗ് പേജിലേക്കുള്ള സന്ദര്‍ശനങ്ങള്‍ വലിയ രീതിയില്‍ കുറഞ്ഞുവെന്ന് കമ്പനി പറയുന്നു. ഉപയോക്താക്കള്‍ പ്ലാറ്റ്ഫോമില്‍ മറ്റ് പല വഴികളിലൂടെയും കണ്ടെന്റ് കണ്ടെത്തുന്നു എന്നതാണ് ഇതിന് കാരണമായി യൂട്യൂബ് പറയുന്നത്.

ജൂലൈ 21 മുതല്‍ തങ്ങളുടെ ട്രെന്‍ഡിംഗ് പേജ് അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. പ്ലാറ്റ്ഫോമില്‍ ഏറ്റവും കൂടുതല്‍ ട്രെന്‍ഡിംഗ് വീഡിയോകള്‍ ഇവിടെയാണ് കാണിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഷോര്‍ട്ട്‌സ്, സെര്‍ച്ച് നിര്‍ദ്ദേശങ്ങള്‍, കമന്റുകള്‍, കമ്മ്യൂണിറ്റി പോസ്റ്റുകള്‍ തുടങ്ങിയ ഓപ്ഷനുകള്‍ വഴി ആളുകള്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് വീഡിയോകള്‍ ആക്സസ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്ന് യൂട്യൂബ് അവരുടെ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. ഇക്കാരണത്താല്‍ ട്രെന്‍ഡിംഗ് പേജിന്റെ ഉപയോഗക്ഷമത ക്രമേണ കുറഞ്ഞു.

ട്രെന്‍ഡിംഗ് വീഡിയോകള്‍ കാണാന്‍ ഇനി മുതല്‍ യൂട്യൂബ് ചാര്‍ട്ടുകള്‍ ഉപയോഗിക്കാമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ ഈ ചാര്‍ട്ടുകള്‍ യൂട്യൂബ് മ്യൂസിക്കിന് മാത്രമേ ലഭ്യമാകൂ. അവിടെ ഉപയോക്താക്കള്‍ക്ക് ട്രെന്‍ഡിംഗ് മ്യൂസിക് വീഡിയോകള്‍, മികച്ച പോഡ്കാസ്റ്റ് ഷോകള്‍, ട്രെന്‍ഡിംഗ് മൂവി ട്രെയിലറുകള്‍ എന്നിവ കാണാന്‍ കഴിയും.

ഭാവിയില്‍ കൂടുതല്‍ വിഭാഗങ്ങള്‍ ഇതിലേക്ക് ചേര്‍ക്കും. അതേസമയം, യൂട്യൂബ് സ്റ്റുഡിയോയുടെ ഇന്‍സ്പിരേഷന്‍ ടാബില്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സ് ഇപ്പോള്‍ പേഴ്‌സണലൈസ് ആശയങ്ങള്‍ ലഭിക്കുമെന്നും ഇത് ഉള്ളടക്ക ആസൂത്രണത്തില്‍ അവരെ സഹായിക്കുമെന്നും യൂട്യൂബ് അറിയിച്ചു.